64 വർഷങ്ങളുടെ ഇടവേള കഴിഞ്ഞു ലോകകപ്പ് കളിക്കാൻ എത്തിയ വെയിൽസ് ആദ്യ മത്സരത്തിൽ അമേരിക്കയെ 1-1 നു സമനിലയിൽ തളക്കുക ആയിരുന്നു. പിറകിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ തിരിച്ചു വന്നാണ് വെയിൽസ് സമനില കണ്ടത്തിയത്. 64 വർഷങ്ങൾക്ക് ശേഷം വെയിൽസ് ലോകകപ്പിൽ ഗോൾ കണ്ടത്തിയപ്പോൾ അത് നേടിയത് പ്രായം തളർത്താത്ത ഗാരത് ബെയിൽ അല്ലാതെ മറ്റാരും ആയിരുന്നില്ല.
പെനാൽട്ടി നേടിയ ബെയിൽ ആ പെനാൽട്ടി അനായാസം ലക്ഷ്യം കണ്ടാണ് തന്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോൾ കണ്ടത്തിയത്. മത്സരത്തിൽ താരമായും ബെയിൽ തിരഞ്ഞെടുക്കപ്പെട്ടു. വെയിൽസിന് ലോകകപ്പ് യോഗ്യത നേടി നൽകാൻ പ്ലെ ഓഫിൽ അടക്കം ഗോളുകൾ നേടി തിളങ്ങിയ ബെയിൽ ആണ് വെയിൽസിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരൻ. ബെയിൽ വെയിൽസിന് ആയി നേടിയ 41 ഗോളുകളിൽ ആറെണ്ണം മാത്രമാണ് സൗഹൃദ മത്സരങ്ങളിൽ നിന്നുള്ളത് എന്ന കണക്ക് തന്നെ താരത്തിന്റെ മൂല്യം വെയിൽസിന് എത്രത്തോളം പ്രധാനമാണ് എന്നതിന്റെ തെളിവ് ആണ്.