വനിതാ ഫുട്ബോൾ ലോകകപ്പ് 2023ൽ ഓസ്ട്രേലിയക്ക് വിജയ തുടക്കം. ആതിഥേയരായ ഓസ്ട്രേലിയ ഇന്ന് റിപ്പബ്ലിക് ഓഫ് അയർലണ്ടിനെയാണ് തോല്പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഓസ്ട്രേലിയുടെ വിജയം പരിക്ക് കാരണം സൂപ്പർ സ്റ്റാർ സാം കെർ ഇല്ലാതെയാണ് ഇറങ്ങിയത് എങ്കിലും ഓസ്ട്രേലിയ മികച്ച പ്രകടനം ഇന്ന് കാഴ്ചവെച്ചു. അയർലണ്ട് ഉയർത്തിയ വെല്ലുവിളി മറികടക്കാൻ ഓസ്ട്രേലിയക്ക് ഒരു പെനാൾട്ടി വേണ്ടി വന്നു.
ഗോളില്ലാതെ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഓസ്ട്രേലിയ ഗോൾ നേടിയത്. 52ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി കാറ്റ്ലി തന്റെ ഇടം കാലു കൊണ്ട് വലയിലേക്ക് എത്തിച്ചു. ഈ ഗോൾ മതിയായി ഓസ്ട്രേലിയക്ക് വിജയം ഉറപ്പിക്കാൻ. ഇന്ന് 75000ത്തിൽ അധികം കാണികൾ ആണ് ഓസ്ട്രേലിയുടെ ആദ്യ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയത്.
ഗ്രൂപ്പ് ബിയിൽ ഇനി നൈജീരിയയും കാനഡയും ആകും ഓസ്ട്രേലിയയുടെ ബാക്കിയുള്ള എതിരാളികൾ. ജൂലൈ 27ന് ഓസ്ട്രേലിയ നൈജീരിയയെയും ജൂലൈ 31ന് അവർ കാനഡയെയും നേരിടും.