ഖത്തർ ലോകകപ്പ് ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ അർജന്റീനക്ക് മറുപടി നൽകാൻ ആവാതെ ഫ്രാൻസ്. നിലവിലെ ലോകചാമ്പ്യന്മാർ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പിറകിൽ നിൽക്കുകയാണ്. മെസ്സിയും ഡി മരിയയും ആണ് ഗോളുകൾ നേടിയത്.
ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് നന്നായി തുടങ്ങിയത് അർജന്റീന ആയിരുന്നു. അവർ തുടക്കം മുതൽ പന്ത് കൈവശം വെച്ചാണ് കളിച്ചത്. നല്ല നീക്കങ്ങളും നടത്തി. എന്നാൽ ലോരിസിനെ പരീക്ഷിക്കാൻ ഉള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. പക്ഷെ 21ആം മിനുട്ടിൽ ഒരു പെനാൾട്ടി അർജന്റീനയുടെ രക്ഷയ്ക്ക് എത്തി.
ഡി മറിയയെ ഡെംബലെ വീഴ്ത്തിയതിന് റഫറി പെനാൾട്ടി വിധിച്ചു. പെനാൾട്ടി എടുക്കാൻ എത്തിയത് സാക്ഷാൽ മെസ്സി. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അർജന്റീനയേ അടുപ്പിച്ച് കൊണ്ട് മെസ്സി ഗോൾ നേടി. സ്കോർ 1-0. മെസ്സിയുടെ ഈ ലോകകപ്പിലെ ആറാം ഗോളായി ഇത്.
ഫ്രാൻസ് ഈ ഗോൾ വന്നിട്ടും ഉണർന്നില്ല. 36ആം മിനുട്ടിൽ അർജന്റീന ലീഡ് ഇരട്ടിയാക്കി. ഒരു കൗണ്ടറിൽ നിന്ന് മെസ്സി തുടങ്ങിയ അറ്റാക്ക് മകാലിസ്റ്ററിൽ എത്തി. മകാലിസ്റ്റർ ഗോൾ മുഖത്ത് വെച്ച് ഡി മരിയക്ക് പാസ് നൽകി. ഗോളുമായി ഡി മരിയ അർജന്റീനയെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിച്ചു.
ഇതിനു ശേഷം ദെഷാംസ് രണ്ട് മാറ്റങ്ങൾ ഫ്രാൻസ് ടീമിൽ വരുത്തി. ജിറൂദും ഡെംബലെയും പുറത്ത് പോയി തുറാമും മുവാനിയും കളത്തിലേക്ക് എത്തി. എങ്കിലും ആദ്യ പകുതിയിൽ ഒരു തിരിച്ചുവരവ് നടത്താൻ ഫ്രാൻസിന് ആയില്ല.