ഇങ്ങനെ ഒരു ലോകക്കപ്പ് ഫൈനൽ!!! അർജന്റീന ലോക ചാമ്പ്യൻസ്.. മെസ്സിയും

Newsroom

Picsart 22 12 18 23 34 13 980
Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സിയും അർജന്റീനയും ലോക കിരീടം സ്വന്തമാക്കി. 1986നു ശേഷം അർജന്റീനയുടെ ആദ്യ ലോകകപ്പ് കിരീടം. മെസ്സിയുടെ കരിയറിലെ ആദ്യ ലോകകപ്പ് എന്ന സ്വപ്നം. എല്ലാം ഖത്തറിൽ പൂവണിഞ്ഞു.

ഖത്തർ ലോകകപ്പ് ഫൈൻലിൽ നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ആണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു വിജയം. ഇരട്ട ഗോളുകളുമായി മെസ്സി തന്നെയാണ് അർജന്റീനയുടെ ഹീറോ ആയത്. മെസ്സിയുടെ ഇരട്ട ഗോളിന് എംബപ്പെയുടെ ഹാട്രിക്ക് കൊണ്ടുള്ള മറുപടിയും ഇന്ന് കണ്ടു.

ആദ്യ 90 മിനുടട്ടിലും എക്സ്ട്രാ ടൈമിലും ഫ്രാൻസിന്റെ തിരിച്ചുവരവ് കണ്ട മത്സരത്തിൽ കളി 120 മിനുട്ട് കഴിഞ്ഞപ്പോൾ 3-3 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ അർജന്റീന മികവ് കാണിച്ച് കിരീടം സ്വന്തമാക്കി.

20221218 210502

ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് നന്നായി തുടങ്ങിയത് അർജന്റീന ആയിരുന്നു. അവർ തുടക്കം മുതൽ പന്ത് കൈവശം വെച്ചാണ് കളിച്ചത്. നല്ല നീക്കങ്ങളും നടത്തി. എന്നാൽ ലോരിസിനെ പരീക്ഷിക്കാൻ ഉള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. പക്ഷെ 21ആം മിനുട്ടിൽ ഒരു പെനാൾട്ടി അർജന്റീനയുടെ രക്ഷയ്ക്ക് എത്തി.

ഡി മറിയയെ ഡെംബലെ വീഴ്ത്തിയതിന് റഫറി പെനാൾട്ടി വിധിച്ചു. പെനാൾട്ടി എടുക്കാൻ എത്തിയത് സാക്ഷാൽ മെസ്സി. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അർജന്റീനയേ അടുപ്പിച്ച് കൊണ്ട് മെസ്സി ഗോൾ നേടി. സ്കോർ 1-0. മെസ്സിയുടെ ഈ ലോകകപ്പിലെ ആറാം ഗോളായി ഇത്.

Picsart 22 12 18 20 59 31 769

ഫ്രാൻസ് ഈ ഗോൾ വന്നിട്ടും ഉണർന്നില്ല. 36ആം മിനുട്ടിൽ അർജന്റീന ലീഡ് ഇരട്ടിയാക്കി. ഒരു കൗണ്ടറിൽ നിന്ന് മെസ്സി തുടങ്ങിയ അറ്റാക്ക് മകാലിസ്റ്ററിൽ എത്തി. മകാലിസ്റ്റർ ഗോൾ മുഖത്ത് വെച്ച് ഡി മരിയക്ക് പാസ് നൽകി. ഗോളുമായി ഡി മരിയ അർജന്റീനയെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിച്ചു.

മെസ്സി 22 12 18 21 09 04 959

ഇതിനു ശേഷം ദെഷാംസ് രണ്ട് മാറ്റങ്ങൾ ഫ്രാൻസ് ടീമിൽ വരുത്തി. ജിറൂദും ഡെംബലെയും പുറത്ത് പോയി തുറാമും മുവാനിയും കളത്തിലേക്ക് എത്തി. എങ്കിലും ആദ്യ പകുതിയിൽ ഒരു തിരിച്ചുവരവ് നടത്താൻ ഫ്രാൻസിന് ആയില്ല.

രണ്ടാം പകുതിയിലും ഫ്രാൻസ് നിരവധി മാറ്റങ്ങൾ നടത്തി. പക്ഷെ ഒരു മാറ്റവും അർജന്റീനയെ സമ്മർദ്ദത്തിൽ ആക്കാൻ പോവുന്നത് ആയിരുന്നില്ല. ഫ്രാൻസിന് നല്ല ഒരു അവസരം പോലും നൽകാതെ പിടിച്ചു നിൽക്കാൻ അർജന്റീനക്കായി. പക്ഷെ 80ആം മിനുട്ടിൽ അർജന്റീന സമ്മാനിച്ച പെനാൾട്ടി ഫ്രാൻസിന് ആശ്വാസം നൽകി. ഒറ്റമെൻഡി മുവാനിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി എംബപ്പെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1.

എംബപ്പെ 22 12 18 22 31 47 538

പിന്നെ ആവേശകരമായ അവസാന പത്തു മിനുട്ടുകൾ. അർജന്റീന ഡിഫൻസ് ശക്തമാക്കാൻ ഒരുങ്ങുന്നതിന് മുമ്പ് തന്നെ എംബപ്പെയുടെ വക രണ്ടാം ഗോൾ. തുറാമിന്റെ പാസിൽ നിന്ന് എംബപ്പെയുടെ അപാര ഫിനിഷ്. 2-2. ഈ ലോകകപ്പിലെ എംബപ്പെയുടെ എഴാം ഗോൾ.

ഇതിനു ശേഷം ഫ്രാൻസ് നിരന്തരം അർജന്റീനയെ സമ്മർദ്ദത്തിൽ ആക്കി. റാബിയോ കളിയുടെ ഇഞ്ച്വറി ടൈമിൽ വിജയ ഗോളിന് അടുത്ത് എത്തി എങ്കിലും മൂന്നാം ഗോൾ വന്നില്ല. 97ആം മിനുട്ടിൽ മെസ്സിയുടെ ഒരു സ്ക്രീമർ ലോരിസ് തടഞ്ഞത് ഫ്രാൻസിന് രക്ഷയായി.

അവസാനം കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ അവസാനം നെസ്സി ഒരുക്കിയ അവസരം ലൗട്ടാരോക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. രണ്ട് വലിയ ബ്ലോക്കുകൾ ഉപമെകാനോ നടത്തിയ കളി 2-2 എന്ന് നിർത്തി.

Picsart 22 12 18 23 04 45 457

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസ്സിയിലൂടെ അർജന്റീന വീണ്ടും മുന്നിൽ. ഒരു മനോഹര നീക്കത്തിലൂടെ ആയിരുന്നു ഗോൾ വന്നത്. ലൗട്ടാരോയുടെ ഷോട്ട് ലോരിസ് തടഞ്ഞു എങ്കിലും മെസ്സി രക്ഷയ്ക്ക് എത്തി. റീബൗണ്ടിൽ പന്ത് വലയിൽ. അർജന്റീന 3-2 ഫ്രാൻസ്.

നാടകീയതകൾ അവസാനിക്കുന്നില്ല. 117ആം മിനുട്ടിൽ വീണ്ടും ഫ്രാൻസിന് പെനാൾട്ടി. ഇത്തവണ ഒരു ഹാൻഡ് ബോളിന്. എംബപ്പെ വീണ്ടും പെനാൾട്ടി സ്പോട്ടിൽ. എമി മാർട്ടിനസിനെ കീഴടക്കി എംബപ്പെയുടെ ഹാട്രിക്ക്. സ്കോർ 3-3. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി എംബപ്പെ മാറി.

Picsart 22 12 18 23 15 47 114

എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം എമി മാർട്ടിനസ് നടത്തിയ സേവ് അർജന്റീനയെ രക്ഷിച്ചു. തുടർന്ന് കളി പെനാൾട്ടിയിലേക്ക് നീങ്ങി.

ഷൂട്ടൗട്ടിൽ ആദ്യ കിക്ക് എടുത്ത എംബപ്പെ വല കണ്ടു. അർജന്റീനക്കായി കിക്ക് എടുത്ത മെസ്സിക്കും പിഴച്ചില്ല. സ്കോർ 1-1. ഫ്രാൻസിനായി രണ്ടാം കിക്ക് എടുത്ത കോമാൻ. എമി രക്ഷകനായി. അർജന്റീനക്ക് മുൻതൂക്കം. അർജന്റീനയുടെ രണ്ടാം കിക്ക് എടുത്ത ഡിബാലയും ലക്ഷ്യത്തിൽ എത്തിച്ചു. അർജന്റീന 2-1ന് മുന്നിൽ.

ചൗമനിയുടെ കിക്ക് പുറത്ത്. കിരീടം ഫ്രാൻസിൽ നിന്ന് അകന്ന നിമിഷം.അവസാനം അഞ്ചാം കിക്ക് മോണ്ടിയൽ ലക്ഷ്യത്തിൽ എത്തിച്ചതോടെ അർജന്റീന ചാമ്പ്യനായി. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2ന്റെ വിജയം.