ജോർദാൻ പിക്‌ഫോർഡ്; ഇംഗ്ളണ്ടിന്റെ ലോകകപ്പ് പ്രതീക്ഷകളുടെ കാവൽക്കാരൻ

- Advertisement -

കഴിഞ്ഞ ബ്രസീൽ ലോകകപ്പിൽ ഇംഗ്ലണ്ട് മത്സരിക്കുമ്പോൾ 20 വയസ് മാത്രം പ്രായമായിരുന്നു ഇന്നത്തെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ പിക്‌ഫോർഡ്. സണ്ടർലാൻഡിന്റെ അക്കാദമി താരമായിരുന്ന പിക്‌ഫോർഡ് ബ്രാഡ്ഫോർഡ് സിറ്റിയിൽ ലോണിൽ ആയിരുന്നു അന്ന്, ഇംഗ്ലണ്ടിന്റെ അണ്ടർ 21 ടീമിൽ പോലും സ്ഥാനമുണ്ടായിരുന്നില്ല ഈ താരത്തിന്. പക്ഷെ ഇന്ന് ഇംഗ്ലണ്ട് ലോകകപ്പ് പ്രതീക്ഷകൾ വീണ്ടും തളിർക്കുമ്പോൾ അതിൽ പിക്‌ഫോർഡിനു പ്രധാന സ്ഥാനമുണ്ട്. റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് 24 ജോർദാൻ പിക്‌ഫോർഡ് എന്ന എവർട്ടൺ താരം.

ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പർ കീപ്പറായി ലോകകപ്പിന് എത്തുമ്പോൾ രാജ്യാന്തര തരത്തിൽ വെറും മൂന്നു മത്സരങ്ങളുടെ പരിചയം മാത്രമേ പിക്‌ഫോർഡിനു ഉണ്ടായിരുന്നുള്ളു. എവർട്ടണിൽ ദുഷ്കരമേറിയ ഒരു സീസൺ കടന്നു വന്ന പിക്‌ഫോർഡിനു നേരെ സംശയ മുനകൾ ധാരാളമുണ്ടായിരുന്നു. ബെല്ജിയത്തിനെതിരായ മത്സരത്തിൽ അദ്നാൻ യാനുസായിക്ക് മുന്നിൽ പരാജയപ്പെടുകയും കൂടെ ചെയ്തതോടെ വിമർശന മുള്ളുകൾക്ക് മൂർച്ഛയേറി.

എന്നാൽ ജോർദാൻ പിക്‌ഫോർഡ് എന്ന ആറടി ഒരിഞ്ചുകാരന്റെ കീപ്പിങ് പാടവം ലോകം കാണാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. പ്രീക്വാർട്ടർ പോരാട്ടത്തിലും ക്വാർട്ടർ ഫൈനലിലും അക്ഷരാർത്ഥത്തിൽ ഇംഗ്ലണ്ടിന്റെ രക്ഷകനായിരുന്നത് പിക്‌ഫോർഡ് ആയിരുന്നു. പ്രീക്വാർട്ടറിൽ കൊളംബിയൻ താരം യുറിബെയുടെ, ലോകകപ്പിലെ തന്നെ ഗോളായി മാറുമായിരുന്നു ഒരു ലോങ്ങ് ഷോട്ട് പിക്‌ഫോർഡ് പറന്നു തടുത്തത് അവിശ്വസനീയതയോടെ മാത്രമേ ലോകം നോക്കി കണ്ടുള്ളു. അവിടെ തീർന്നില്ല പിക്‌ഫോർഡിന്റെ സേവുകൾ, പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ ആണ് പിക്‌ഫോർഡ് തടഞ്ഞിട്ടത്. സ്വീഡനെതിരെയും പോയിന്റ് ബ്ലാങ്കിൽ നിന്നുമുള്ള ഷോട്ടുകൾ സേവ് ചെയ്തു ഇംഗ്ലണ്ടിനെ രക്ഷിച്ചെടുക്കുകയായിരുന്നു പിക്‌ഫോർഡ്.

പിക്‌ഫോഡിൽ വിശ്വാസം അർപ്പിച്ച മാനേജർ ഗാരെത് സൗത്‌ഗേറ്റിനുള്ളതാണ് മുഴുവൻ അഭിനന്ദനങ്ങളും. ഇംഗ്ലണ്ട് ഇനി ലോകകപ് നേടിയില്ല എങ്കിലും ലോകകപ്പിലെ മികച്ച ഗോൾ കീപ്പർമാരുടെ പട്ടികയിൽ പിക്‌ഫോർഡും ഉണ്ടാവും എന്നുറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement