2023 വനിതാ ഫുട്ബോൾ ലോകകപ്പ് കിരീടം ആർക്കെന്ന് ഇന്ന് അറിയാം. ഇന്ന് സിഡ്‌നിയിൽ നടക്കുന്ന ഫൈനലിൽ സ്പെയിൻ വനിതകൾ ഇംഗ്ലണ്ട് വനിതകളെ നേരിടും ഇരുവരും ആദ്യ ലോക കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ന് വൈകുന്നേരം 3.30നാണ് മത്സരം. കളി തത്സമയം ഡി ഡി സ്പോർട്സിലും ഫാൻകോട് ആപ്പ് വഴിയും കാണാം.
ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള ടീമാണ് സ്പെയിൻ. കോസ്റ്റാറിക്കയ്‌ക്കെതിരെയും സാംബിയയ്‌ക്കെതിരെയും എകപക്ഷീയ വിജയങ്ങളോടെ ആണ് സ്പെയിൻ ടൂർണമെന്റ് തുടങ്ങിയത്. എന്നാൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജപ്പാനിൽ നിന്ന് ഒരു വലിയ തോൽവി സ്പെയിൻ ഏറ്റുവാങ്ങി. ആ ഫലത്തിൽ നിന്ന് കരകയറിയ സ്പെയിൻ സ്വിറ്റ്‌സർലൻഡിനെതിരായ അവരുടെ പ്രീക്വാർട്ടർ മത്സരത്തിൽ ആധിപത്യത്തോടെ തന്നെ വിജയിച്ചു.
നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ ഫൈനലിൽ നന്നായി പൊരുതേണ്ടി വന്നു സ്പെയിന് ജയിക്കാൻ. അതു കഴിഞ്ഞ് സെമിയിൽ അവർ സ്വീഡനെയും വീഴ്ത്തി.
യൂറോ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഈ ലോകകപ്പിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ പരമാവധി പോയിന്റുകൾ നേടിയ ശേഷം, പ്രീക്വാർട്ടറിൽ നൈജീരിയെ അവർ തോൽപ്പിച്ചു. ക്വാർട്ടറിൽ 2-1ന് കൊളംബിയയയെ മറികടന്ന ഇംഗ്ലണ്ട് സെമിയിൽ ആതിഥേയരായ ഓസ്ട്രേലിയയെയും പരാജയപ്പെടുത്തി.