ആസ്റ്റൺ വില്ലയ്‌ക്കെതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെർണാണ്ടസ് ഒരു മാസത്തോളം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. വില്ലയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ പരിക്കേറ്റ ബ്രൂണോയെ രണ്ടാം പകുതിയിൽ പിൻവലിച്ചിരുന്നു. താരത്തിന് പേശികളിൽ ഉണ്ടായ പരിക്ക് (Soft tissue injury) സാരമുള്ളതാണെന്ന് പരിശീലകൻ റൂബൻ അമോറിം സ്ഥിരീകരിച്ചു.

ഇതോടെ വരാനിരിക്കുന്ന നിർണ്ണായക മത്സരങ്ങളിൽ ടീമിന്റെ പ്രധാന താരം ഇല്ലാതെയാകും യുണൈറ്റഡ് ഇറങ്ങുക. ഡിസംബർ 26-ന് ന്യൂകാസ്റ്റിലിനെതിരെയും തുടർന്ന് വോൾവ്സ്, ലീഡ്സ്, ബേൺലി തുടങ്ങിയ ടീമുകൾക്കെതിരെയുമുള്ള മത്സരങ്ങൾ ബ്രൂണോയ്ക്ക് നഷ്ടമാകും. ജനുവരി 17-ന് നടക്കുന്ന മാഞ്ചസ്റ്റർ ഡെർബിയിലും താരം കളിക്കുന്ന കാര്യം സംശയത്തിലാണ്. 2020-ൽ ടീമിലെത്തിയ ശേഷം ഇതുവരെ പരിക്കേറ്റ് കൂടുതൽ മത്സരങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ലാത്ത ബ്രൂണോയുടെ അഭാവം യുണൈറ്റഡിന്റെ മധ്യനിരയെയും ക്രിയാത്മകമായ നീക്കങ്ങളെയും കാര്യമായി ബാധിക്കും.









