ഇന്ന് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ദിവസമായിരിക്കും. ആദ്യമായി ഒരു ഇന്ത്യൻ ക്ലബ് എ എഫ് സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കുകയാണ്. ഇന്ന് ഗ്രൂപ്പ് ഇയിൽ എഫ് സി ഗോവ ഖത്തർ ക്ലബായ അൽ റയാനെ ആണ് നേരിടുക. ഇന്ന് രാത്രി 10.30നാണ് മത്സരം. ഗോവയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഖത്തറിലെ വലിയ ക്ലബുകളിൽ ഒന്നാണ് അൽ റയാൻ. ഒമ്പതു തവണ ഖത്തർ ലീഗ് നേടിയ ക്ലബ്.
ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള നിലവാരം ഇന്ത്യൻ ക്ലബുകൾക്ക് ഉണ്ട് എന്ന് തെളിയിക്കുക ആകും എഫ് സി ഗോവയുടെ ഇന്നത്തെ ചുമതല. നാലു വിദേശ താരങ്ങളെയെ ഉപയോഗിക്കാൻ പറ്റൂ എന്നത് എഫ് സി ഗോവയുടെ ശക്തി ഇന്ന് കുറയ്ക്കും. നഗുവോറെയും ഇഗൊർ ആംഗുളോയും ചാമ്പ്യൻസ് ലീഗിൽ എഫ് സി ഗോവൻ നിരയിൽ ഇല്ല. അതുകൊണ്ട് തന്നെ ഓർടിസിനാകും അറ്റാക്ക് നയിക്കാനുള്ള ചുമതല. ബ്രണ്ടൺ ഫെർണാണ്ടസ് പരിക്ക് മാറി തിരികെയെത്തിയിട്ടുണ്ട്. ഫ്രഞ്ച് ഇതിഹാസ താരം ലോറന്റ് ബ്ലാങ്ക് ആണ് അൽ റയാൻ ക്ലബിന്റെ പരിശീലകൻ.