എഫ് എ കപ്പിൽ വാറ്റ്ഫോർഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് മറികടന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്നലെ നടന്ന എഫ് എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ വാറ്റ്ഫോർഡിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. പ്രധാന താരങ്ങളിൽ പലർക്കും വിശ്രമം നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. ബ്രൂണൊ ഫെർണാണ്ടസ്, റാഷ്ഫോർഡ്, മാർഷ്യൽ, എന്നിവർ ഒന്നും ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല.

മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുക്കുന്നത് കാണാൻ ഇന്നലെ ആയി. അലക്സ് ടെല്ലസ് എടുത്ത ഒരു കോർണറിൽ ആയിരുന്നു ഗോൾ വന്നത്. മക്ടോമിനെ ഒരു മനോഹര ഹെഡറിലൂടെ പന്ത് വലയിലാക്കി. ഇതിനു ശേഷം നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി എങ്കിലും ഗോൾ പിറന്നില്ല. സെന്റർ ബാക്കായ എറിക ബയിക്ക് പരിക്കേറ്റത് വിജയത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക നൽകും.