ഇന്ന് എഫ് എ കപ്പിൽ കലാശ പോരാട്ടമാണ്. വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ ലിവർപൂളും ചെൽസിയും ആണ് നേർക്കുനേർ വരുന്നത്. ക്വാഡ്രപിൾ എന്ന സ്വപനവുമായി നിൽക്കുന്ന ലിവർപൂളിനെ ചെൽസിക്ക് തടയാൻ ആകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ലീഗ് കപ്പ് കിരീടം ഇതിനകം തന്നെ നേടിയ ലിവർപൂൾ ഇന്ന് എഫ് എ കപ്പ് കിരീടം കൂടെ നേടി ഈ സീസണിലെ കിരീടങ്ങളുടെ എണ്ണം രണ്ടാക്കാൻ ശ്രമിക്കും. ഇത് കഴിഞ്ഞ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും വിജയിക്കാമെന്നും ക്വാഡ്രപിൾ എന്ന ചരിത്ര നേട്ടത്തിൽ എത്താം എന്നും ലിവർപൂൾ വിശ്വസിക്കുന്നു.
ചെൽസിക്ക് ഈ സീസണിലെ ഏക കിരീട പ്രതീക്ഷയാണ് ഈ ഫൈനൽ. ക്ലബ് ഉടമ മാറിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ചെൽസിക്ക് ഇന്ന് കിരീടം നേടാൻ ആയാൽ അത് വലിയ ആശ്വാസം ആകും. 2017-18 സീസണിലാണ് ചെൽസി അവസാനം എഫ് എ കപ്പ് നേടിയത്. ലിവർപൂൾ ആകട്ടെ 2006ന് ശേഷം ഒരു എഫ് എ കപ്പ് കിരീടം നേടിയിട്ടില്ല. ചെൽസി 8 തവണയും ലിവർപൂൾ 7 തവണയും ആകെ എഫ് എ കപ്പ് കിരീടം നേടിയിട്ടുണ്ട്.
ചെൽസി നിരയിൽ കൊവാചിചും ലിവർപൂൾ നിരയിൽ ഫബിനോയും ഇന്ന് പരിക്ക് കാരണം ഉണ്ടാകില്ല. ഇന്ന് രാത്രി 9.15ന് നടക്കുന്ന മത്സരം തത്സമയം സോണി ലൈവിലും ടെൻ 2വിലും കാണാം.