എഫ് എ കപ്പിൽ ബോൺമൗത്തിനെ 2-1 നു തോൽപ്പിച്ചു ആഴ്സണൽ അടുത്ത റൗണ്ടിലേക്ക് മുന്നേറി. പല പ്രമുഖതാരങ്ങൾക്കും വിശ്രമം നൽകിയാണ് ആഴ്സണൽ ബോൺമൗത്തിനെ നേരിടാൻ ഇറങ്ങിയത്. പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ബോൺമൗത്തും ചില താരങ്ങൾക്ക് വിശ്രമം നൽകി. കഴിഞ്ഞ പല കളികളിൽ നിന്ന് വ്യത്യസ്തമായി മികച്ച തുടക്കം ആണ് ഈ മത്സരത്തിൽ ആഴ്സണലിനു ലഭിച്ചത്. പ്രമുഖതാരങ്ങളുടെ അഭാവത്തിൽ ലഭിച്ച അവസരം മുതലാക്കുന്ന ആഴ്സണൽ യുവതാരങ്ങളെയാണ് മത്സരത്തിൽ കാണാൻ ആയത്. അഞ്ചാം മിനിറ്റിൽ തന്നെ ആർട്ടറ്റക്ക് സന്തോഷം നൽകി ആഴ്സണൽ മത്സരത്തിൽ മുന്നിൽ എത്തി. മധ്യനിരയിൽ വില്ലോക്കിന്റെ മുന്നേറ്റത്തിൽ നിന്ന് ലഭിച്ച പന്ത് ഗബ്രിയേൽ മാർട്ടിനെല്ലി ഇടത് വശത്ത് സാക്കക്ക് മറിച്ചപ്പോൾ മികച്ച ഒരു ഷോട്ടിലൂടെ ആഴ്സണലിന്റെ 18 കാരൻ പന്ത് വലയിൽ എത്തിച്ചു.
തുടർന്നും മികച്ച മുന്നേറ്റങ്ങൾ നടത്തിയ ആഴ്സണലിന് കളി തുടങ്ങി അരമണിക്കൂർ ആവുന്നതിനു മുമ്പ് അടുത്ത ഗോൾ ലഭിച്ചു. വീണ്ടും മധ്യനിരയിൽ വില്ലോക്കിന്റെ പാസ് ലഭിച്ച സാക്ക പന്ത് പെനാൽറ്റി ബോക്സിലേക്ക് മനോഹരമായി മറിച്ച് നൽകി. ആഴ്സണലേക്ക് വായ്പകാലത്തിനു ശേഷം തിരിച്ചു വന്ന എഡി നെകതിയുടെ അവസരം ആയിരുന്നു ഇത്തവണ. മികച്ച ഒരു ഫിനിഷോടെ പന്ത് വലയിൽ എത്തിച്ച എഡി ആഴ്സണലിന് രണ്ടാം ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ മുസ്താഫി പരിക്കേറ്റു പോയത് ആഴ്സണലിന് തിരിച്ചടിയായി. എങ്കിലും ആഴ്സണലിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സ്വന്തം മൈതാനത്ത് എഡി ഹൗവിന്റെ ടീമിന് ആയില്ല. 94 മിനിറ്റിൽ പകരക്കാരനായി എത്തിയ യുവതാരം സാം സ്റ്റർഡിച്ചിലൂടെ ഒരു ഗോൾ മടക്കാൻ അവർക്ക് ആയി എങ്കിലും അപ്പോഴേക്കും സമയം ഏതാണ്ട് അവസാനിച്ചിരുന്നു. ഒടുവിൽ യുവതാരങ്ങളുടെ മിടുക്കിൽ ആഴ്സണൽ എഫ്.എ കപ്പ് അടുത്ത റൗണ്ടിലേക്ക് മുന്നേറി.