ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ച് എഫ്.എ കപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ച് ചെൽസി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. തോമസ് ടൂഹൽ പരിശീലകനായി ചുമതലയേറ്റത് മുതൽ 14 മത്സരങ്ങളിൽ ഒന്നിൽ പോലും ചെൽസി തോൽവിയറിഞ്ഞിട്ടില്ല. മത്സരത്തിന്റെ തുടക്കത്തിൽ ചെൽസിയുടെ മുന്നേറ്റമാണ് മത്സരത്തിൽ കണ്ടത്. എന്നാൽ ചെൽസിക്ക് ആദ്യ പകുതിയിൽ സെൽഫ് ഗോളിൽ ലഭിച്ച ഗോൾ മാത്രമാണ് നേടാനായത്. ചെൽസി പ്രതിരോധ താരം ബെൻ ചിൽവെല്ലിന്റെ ഷോട്ട് ഷെഫീൽഡ് യുണൈറ്റഡ് താരം നോർവുഡിന്റെ കാലിൽ തട്ടി സ്വന്തം പോസ്റ്റിൽ പതിക്കുകയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ പുത്തനുണർവോടെ കളിച്ച ഷെഫീൽഡ് യുണൈറ്റഡ് ചെൽസി ഗോൾ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡ് താരം മക്ഗോൾഡ്റിക്കിന് സമനില പിടിക്കാൻ ലഭിച്ച സുവർണ്ണാവസരം താരം നഷ്ടപ്പെടുത്തുകയും ചെയ്തു. പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഷെഫീൽഡ് യുണൈറ്റഡിന് മത്സരത്തിൽ പലപ്പോഴും ചെൽസിയുടെ നിലവാരത്തിലേക്ക് ഉയരാനാവാതെ തിരിച്ചടിയാവുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സീയെച്ചിന്റെ ഗോളിലൂടെ മത്സരത്തിൽ ചെൽസി രണ്ടാമത്തെ ഗോളും നേടിയ എഫ്.എ കപ്പ് സെമി ഫൈനൽ ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഹക്കിം സീയെച് ഗോൾ നേടിയിരുന്നു.