യൂറോപ്പ ലീഗിൽ ഗ്രൂപ്പ് എയിലെ 7 ഗോളുകളും വമ്പൻ തിരിച്ചുവരവും ഒരു ചുവപ്പ് കാർഡും കണ്ട ത്രില്ലറിൽ ജയം കണ്ടു ഒളിമ്പിക് ലിയോൺ. അവസാന 20 മിനിറ്റ് 10 പേരായി കളിച്ചിട്ടും സ്പാർട്ട പ്രാഗിനെ 4-3 നു ആണ് ലിയോൺ മറികടന്നത്. മത്സരത്തിന്റെ നാലാം മിനിറ്റിലും 19 മിനിറ്റിലും മാർട്ടിൻ മിൻചെവിന്റെ പാസിൽ നിന്നു ഇരട്ടഗോളുകൾ കണ്ടത്തിയ ലൂക്കാസ് ഹാരാസ്‌ലിൻ സ്പാർട്ടയെ 2-0 നു മുന്നിലെത്തിച്ചു. 42 മിനിറ്റിൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ജെറോം ബോട്ടങിന്റെ പാസിൽ നിന്നു ടോക്കോ എകാമ്പി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ 53 മിനിറ്റിൽ ഹസോൻ അഓർ ലിയോണിന് സമനില ഗോൾ സമ്മാനിച്ചു.
തുടർന്ന് 67 മിനിറ്റിൽ ബ്രസീലിയൻ താരം ലൂക്കാസ് പക്വറ്റ ഏകാമ്പിയുടെ പാസിൽ നിന്നു ലിയോണിനെ ആദ്യമായി മത്സരത്തിൽ മുന്നിലെത്തിച്ചു. 74 മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു മലോ ഗുസ്റ്റോ പുറത്ത് പോയതോടെ ലിയോൺ 10 പേരായി ചുരുങ്ങി. എങ്കിലും 88 മിനിറ്റിൽ ഏകാമ്പിയിലൂടെ ഒരിക്കൽ കൂടി ഗോൾ നേടാൻ ഫ്രഞ്ച് ടീമിന് ആയി. ഇത്തവണ ബ്രൂണോ ഗുയിമാരസ് ആണ് ഏകാമ്പിയുടെ ഗോളിന് അവസരം ഒരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷം ക്രചിയിലൂടെ ഒരു ഗോൾ കൂടി തിരിച്ചടിക്കാൻ സ്പാർട്ടക്ക് ആയെങ്കിലും തോൽവി ഒഴിവാക്കാൻ ആയില്ല. യൂറോപ്പയിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത് ആണ് ലിയോൺ ഇപ്പോൾ.