ജോസെ മൗറീനോയുടെ ടീം അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഇന്നലെ യൂറോപ്പ ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മികച്ച വിജയുമായി സ്പർസ് തുടങ്ങി. ഇന്നലെ ലാസ്കിനെ നേരിട്ട സ്പർസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഈ മത്സരം ഉൾപ്പെടെ അവസാന നാലു മത്സരങ്ങളിൽ നിന്നായി ജോസെ മൗറീനോയുടെ ടീം അടിച്ചു കൂട്ടിയത് 19 ഗോളുകൾ ആണ്. ഇന്നലെ ഗരെത് ബെയ്ല് ആദ്യമായി ആദ്യ ഇലവനിൽ എത്തിയപ്പോൾ സ്ട്രൈക്കർ കാർലോസ് വിനീഷ്യസ് സ്പർസിനായി അരങ്ങേറ്റം നടത്തി.
അരങ്ങേറ്റത്തിൽ തന്നെ ഇരട്ട അസിസ്റ്റുമായി തിളങ്ങാൻ സ്പർസിന്റെ പുതിയ സ്ട്രൈക്കർക്ക് ആയി. മത്സരത്തിന്റെ 18ആം മിനുട്ടിൽ ലൂകാസ് മൗറയുടെ ഗോളാണ് ആദ്യം കാർലോസ് വിനീഷ്യസ് ഒരുക്കിയത്. രണ്ടാം പകുതിയിൽ സോൺ ഹ്യുങ് മിന്റെ ഗോൾ ഒരുക്കിയതും വിനീഷ്യസ് തന്നെ ആയിരുന്നു. ഒരു സെൽഫ് ഗോളിലൂടെ ആണ് സ്പർസിന്റെ മറ്റൊരു ഗോൾ വന്നത്. ആ ഗോൾ ഒരുക്കിയത് ഗരെത് ബെയ്ല് ആയിരുന്നു.