യൂറോപ്പ ലീഗിൽ സെവിയ്യക്ക് മുകളിൽ ആരുമില്ല. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കൽ കൂടെ അവർ അത് മനസ്സിലാക്കി കൊടുത്തു. ഇന്ന് സ്പെയിനിൽ നടന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ 3-0ന്റെ വിജയം നേടിക്കൊണ്ട് സെവിയ്യ സെമി ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദത്തിൽ മാഞ്ചസ്റ്ററിൽ ചെന്ന് മാഞ്ചസ്റ്ററിനെ 2-2ന് സമനിലയിൽ പിടിക്കാനും സെവിയ്യക്ക് ആയിരുന്നു.
ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ തുടക്കമാണ് ലഭിച്ചത്. എട്ടാം മിനുട്ടിൽ യുണൈറ്റഡ് താരങ്ങളായ ഡി ഹിയയും ഹാരി മഗ്വയറും ചേർന്ന് സെവിയ്യക്ക് ഒരു ഗോൾ സമ്മാനിച്ചു. മഗ്വയർ സമ്മാനമായി നൽകിയ പാസ് കൈക്കലാക്കി എൻ നസീരി അനായസം പന്ത് വലയിലേക്ക് എത്തിച്ചു. 1-0 അഗ്രിഗേറ്റിൽ 3-2ന് സെവിയ്യ മുന്നിൽ.
ഈ ഗോളിന് തിരിച്ചടി നൽകാനുള്ള ഒരു ഊർജ്ജവും യുണൈറ്റഡ് ആദ്യ പകുതിയിൽ കാണിച്ചില്ല. ടീമിൽ ബ്രൂണോയുടെ അഭാവവും വളരെ വ്യക്തമായിരുന്നു. 43ആം മിനുട്ടിൽ ഒകാമ്പസിലൂടെ സെവിയ്യ രണ്ടാം ഗോൾ നേടി എങ്കിലും ഓഫ്സൈഡ് മാഞ്ചസ്റ്ററിന്റെ രക്ഷക്ക് എത്തി.
റാഷ്ഫോർഡിനെയും ലൂക് ഷോയെയും കളത്തിൽ ഇറക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതി ആരംഭിച്ചത്. പക്ഷെ രണ്ടാം പകുതിയും നന്നായി തുടങ്ങിയത് സെവിയ്യ ആയിരുന്നു. 47ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ബാഡെ സെവിയ്യക്കായി രണ്ടാം ഗോൾ നേടി. സ്കോർ 2-0. അഗ്രിഗേറ്റിൽ 4-2.
ഈ ഗോളിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിക്കാൻ എങ്കിലും തുടങ്ങിയത്. പക്ഷെ കാര്യം ഒന്നും ഉണ്ടായില്ല. മത്സരത്തിന്റെ 81ആം മിനുട്ടിൽ ഡി ഹിയയുടെ വലിയ മണ്ടത്തരം വന്നു. ഡി ഹിയ സമ്മാനിച്ച പന്ത് എൻ നസീരി ഒഴിഞ്ഞ വലയിൽ എത്തിച്ച് സെവിയ്യയുടെ വിജയം ഉറപ്പിച്ചു.