കാത്തിരിപ്പിന് അവസാനം, സാരി ബോളിന് ഇത് കരിയറിലെ ആദ്യ കിരീടം

- Advertisement -

ഒരു വർഷം മുൻപ് മൗറീസിയോ സാരി ചെൽസി പരിശീലകനായി നിയമിതനായപ്പോൾ പലരും ചോദിച്ച ആ ചോദ്യത്തിന് സാരി ഇന്ന് ബാകുവിൽ അവസാനം കുറിച്ചു. ഇതുവരെ കരിയറിൽ ഒരു കിരീടം പോലും നേടാത്ത ഒരു പരിശീലകനെ എന്തിനാണ് ചെൽസി പോലൊരു ക്ലബ്ബ് നിയമിക്കുന്നത് എന്ന് ചോദിച്ചവർക്ക് യൂറോപ്പ ലീഗ് കിരീടം നേടിയാണ് സാരി മറുപടി പറഞ്ഞത്. അതും ആഴ്സണലിനെ ആധികാരികമായി 4-1 ന് തകർത്ത്. യൂറോപ്പ ലീഗിൽ ഒരു മത്സരം പോലും തോൽവി അറിയാതെയാണ് സാരിയുടെ നീല പട കിരീടം ചൂടിയത്.

60 വയസ്സുകാരനായ സാരി തന്റെ 19 ആം ടീമിനൊപ്പമാണ് ആദ്യ കിരീടം നേടുന്നത്. ഇറ്റലിയിൽ താഴെ ഡിവിഷനിലുള്ള ടീമുകളെ പരിശീലിപ്പിച്ചു കരിയർ ആരംഭിച്ച സാരി 2012 ൽ എംപോളിയുടെ പരിശീലകനായതോടെയാണ് ലോകത്തിന്റെ ശ്രദ്ധയിൽ എത്തുന്നത്. അസാമാന്യ സൗന്ദര്യമുള്ള സാരിയുടെ ടീമിന്റെ ശൈലി ലോക പ്രശസ്തമായി. പിന്നീട് 2015 മുതൽ 2018 വരെ നാപോളിയെ പരിശീലിപ്പിച്ച സാരി അവസാന വർഷം 92 പോയിന്റ് നേടിയെങ്കിലും യുവന്റസിനെ മറികടന്ന് സീരി എ കിരീടം നേടാനായില്ല.

ചെൽസിയിൽ എത്തിയതോടെ ലീഗിൽ അവരെ ആദ്യ നാലിൽ തിരിച്ചെത്തിച് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയ സാരി കാരബാവോ കപ്പ് ഫൈനലിൽ സിറ്റിയോട് ഷൂട്ട് ഔട്ടിൽ ആണ് പരാജയപ്പെട്ടത്. യൂറോപ്പ ഫൈനലിൽ ലോഫ്‌റ്റസ് ചീക്, ഓഡോയി എന്നിവർ പരിക്കേറ്റ് പുറത്തായെങ്കിലും സാരിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ആഴ്സണലിന് പിടിച്ചു നിൽകാനായില്ല. യുവന്റസിന്റെ പുതിയ പരിശീലകനായി സാരി ഇറ്റലിയിലേക്ക് മടങ്ങിയേക്കും എന്ന വാർത്തകൾ ഉണ്ടെങ്കിലും യൂറോപ്പ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിച്ച സാരിയെ കൈവിടാൻ ചെൽസി തയ്യാറായേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

Advertisement