മിലാനിൽ മാഞ്ചസ്റ്ററിന്റെ രക്ഷകനായി പോൾ പോഗ്ബയുടെ അവതാരം, ഒലെയും യുണൈറ്റഡും ക്വാർട്ടറിൽ

20210319 024320
- Advertisement -

മിലാനിൽ ചെന്ന് എ സി മിലാനെ പരാജയപ്പെടുത്തി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് സാൻസിരോയിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ ഇരു ടീമുകളും 1-1 എന്ന സ്കോറിന് പിരിഞ്ഞിരുന്നു. ഇന്നത്തെ ജയത്തോടെ 2-1ന്റെ അഗ്രിഗേറ്റിൽ വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി.

ആദ്യ പാദത്തിൽ എന്ന പോലെ ഇന്നും കളി നന്നായി തുടങ്ങിയതും കളി തുടക്കത്തിൽ നിയന്ത്രിച്ചതും എ സി മിലാൻ ആയിരുന്നു. ആദ്യ പകുതിയിൽ നന്നായി പാസ് ചെയ്യാൻ പോലും മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. മിലാൻ ആകട്ടെ ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ഡീൻ ഹെൻഡേഴ്സണെ പരീക്ഷിക്കാനും മിലാനായി‌. മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനാകട്ടെ ഡൊണ്ണരുമയ്ക്ക് എതിരെ കാര്യമായി ഷോട്ട് തൊടുക്കാനും ആയില്ല.

കളി നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഒലെ ഗണ്ണാർ സോൾഷ്യാർ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോഗ്ബയെ കളത്തിൽ ഇറക്കി. അത് പെട്ടെന്ന് തന്നെ ഗുണവും ചെയ്തു. 48ആം മിനുട്ടിൽ തന്നെ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. മനോഹരമായി ഡൊണ്ണരുമ്മയുടെ മുകളിലൂടെ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു പോഗ്ബ.

പോഗ്ബയുടെ വരവ് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ യുണൈറ്റഡിനെ സഹായിച്ചു. ഒരു ഗോളിന് പിറകിൽ പോയതോടെ മിലാൻ അവരുടെ സൂപ്പർ സ്റ്റാർ ഇബ്രഹിമോവിചിനെ കളത്തിൽ ഇറക്കി. 74ആം മിനുട്ടിൽ ഇബ്രയുടെ ഗോൾ എന്നുറച്ച ഒരു ഹെഡർ ലോകോത്തര സേവിലൂടെയാണ് ഹെൻഡേഴ്സൺ തട്ടിയകറ്റിയത്. ഈ സേവ് മത്സരത്തിൽ നിർണായകവുമായി. മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കുകളായ ലിൻഡെലോഫും മഗ്വയറും ഇന്ന് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇവരുടെ പ്രകടനമാണ് യുണൈറ്റഡ് വിജയം ഉറപ്പിച്ചതും.

Advertisement