യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ വിജയം കൈവിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ച് സെവിയ്യയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ഗോളുകളുടെ ലീഡ് കളഞ്ഞ് 2-2ന്റെ സമനില വഴങ്ങി. ആദ്യ 21 മിനുട്ടുകൾക്ക് ഇടയിൽ തന്നെ ഇന്ന് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്താൻ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. അവസാന നിമിഷങ്ങളിലെ അബദ്ധങ്ങളുൽ പരിക്കും ആണ് യുണൈറ്റഡിന് തിരിച്ചടിയായത്
മാർക്കസ് റാഷ്ഫോർഡ്, ലൂക് ഷോ എന്നിവർ ഇല്ലാതെ ആയിരുന്നു ഇന്ന് യുണൈറ്റഡ് ഇറങ്ങിയത്. മാർഷ്യൽ ആണ് റാഷ്ഫോർഡിന്റെ അഭാവത്തിൽ ഫോർവേഡായി ഇറങ്ങിയത്. 14ആം മിനുട്ടിൽ ആണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ വന്നത്. മാർഷ്യൽ തുടങ്ങിയ അറ്റാക്ക് ബ്രൂണോയിൽ എത്തി. ബ്രൂണോയുടെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിനകത്തു നിന്ന് സബിറ്റ്സർ തൊടുത്ത ഷോട്ട് ബോണോയെ കീഴ്പ്പെടുത്തി വലയിൽ. സബിറ്റ്സറിന്റെ യുണൈറ്റഡ് കരിയറിലെ രണ്ടാം ഗോൾ. സ്കോർ 1-0.
അഞ്ചു മിനുട്ടുകൾ കഴിഞ്ഞ് വീണ്ടും സബിറ്റ്സർ പന്ത് വലയിൽ എത്തിച്ചു. ഇത്തവണ മാർഷ്യലിന്റെ പാസ് സ്വീകരിച്ചായിരുന്നു സബിറ്റ്സറിന്റെ ഫിനിഷ്. സ്കോർ 2-0. ആദ്യ പകുതിയിൽ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും മൂന്നാം ഗോൾ വന്നില്ല. രണ്ടാം പകുതിയിലും ഗോളിനായുള്ള യുണൈറ്റഡ് ശ്രമങ്ങൾ തുടർന്നു.
മൂന്നാം ഗോൾ നേടി ആദ്യ പാദത്തിൽ തന്നെ സെമി ഏതാണ്ട് ഉറപ്പിക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ പക്ഷെ ഫലം കണ്ടില്ല. മത്സരത്തിന്റെ 83ആം മിനുട്ടിൽ മലാസിയയുടെ ഒരു പിഴവ് സെവിയ്യക്ക് പ്രതീക്ഷയായി. മലാസിയയുടെ പിഴവ് മുതലെടുത്ത് ജീസസ് തൊടുത്ത് ക്രോസ് മലാസിയുടെ ദേഹത്ത് തട്ടി സ്വന്തം ഗോൾ പോസ്റ്റിലേക്ക് തന്നെ വീണു. സ്കോർ 2-1. ഈ ഗോളിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസ് പരിക്കേറ്റ് പുറത്താവുകയും കൂടെ ചെയ്തതോടെ യുണൈറ്റഡ് പ്രതിരോധത്തിൽ ആയി. അഞ്ച് സബ്ബുകൾ നടത്തിയതിനാൽ യുണൈറ്റഡ് 10 പേരുമായാണ് അവസാന 10 മിനുട്ടുകൾ കളിച്ചത്. സെവിയ്യയുടെ തുടർ ആക്രമണങ്ങൾക്ക് അവസാനം 92ആം മിനുട്ടിൽ സെവിയ്യ സമനില കണ്ടെത്തി.
എൽ നസീരിയുടെ ഹെഡർ ഹാരി മഗ്വയറിന്റെ തലയിൽ തട്ടിൽ രണ്ടാം സെൽഫ് ഗോൾ ആവുക ആയിരുന്നു.