സ്പെയിനിൽ ചെന്ന് രണ്ടാം പാദവും വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് റയൽ ബെറ്റിസിന് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ആദ്യ പാദത്തിൽ യുണൈറ്റഡ് 4-1നും വിജയിച്ചിരുന്നു. ഇതോടെ അഗ്രിഗേറ്റ് സ്കോറിൽ 5-1ന്റെ വിജയം യുണൈറ്റഡ് സ്വന്തമാക്കി.
വലിയ വിജയം ആവശ്യമുള്ളതു കൊണ്ട് തന്നെ ആക്രമിച്ചു കളിക്കുന്ന റയൽ ബെറ്റിസിനെ ആണ് ഇന്ന് തുടക്കം മുതൽ കാണാൻ ആയത്. അവർ നല്ല കുറച്ച് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അറ്റാക്കിംഗ് താരങ്ങൾ മികവ് പുലർത്താത്തതും കൂടെ ഡി ഹിയയുടെ നല്ല സേവുകളും റിയൽ ബെറ്റിസിനെ ഗോളിൽ നിന്ന് അകറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡിനും നല്ല കുറച്ച് അവസരങ്ങൾ കിട്ടി. വെഗോർസ്റ്റിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തിലെ റാഷ്ഫോർഡിന്റെ ഒരു ഷോട്ട് ബെറ്റിസ് കീപ്പർ റുയിസ് സിൽവ സേവ് ചെയ്തു. തൊട്ടടുത്ത നിമിഷം എതിർ പോസ്റ്റിൽ ഡി ഹിയയുടെ സേവും കാണാൻ ആയി. മത്സരത്തിന്റെ 56ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡിന്റെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഷോട്ട് ബെറ്റിസ് ഗോൾ കീപ്പറെ പരാജയപ്പെടുത്തി. സീസണിലെ റാഷ്ഫോർഡിന്റെ 27ആം ഗോളായിരുന്നു ഇത്. യുണൈറ്റഡ് 1-0 ബെറ്റിസ്. അഗ്രിഗേറ്റിൽ 5-1.
ഈ ഗോളിന് ശേഷം യുണൈറ്റഡ് റാഷ്ഫോർഡിനെയും ഫ്രെഡിനെയും പിൻവലിച്ച് സാഞ്ചോയെയും സബിറ്റ്സറെയും കളത്തിൽ ഇറക്കി. കളി പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് നിയന്ത്രിച്ചത്. നിരവധി മാറ്റങ്ങൾ അവർ വരുത്തി എങ്കിലും യുണൈറ്റഡിന് വിജയം ഉറപ്പിക്കാനും ക്വാർട്ടറിലേക്ക് മുന്നേറാനും ആയി.