ഒടുവിൽ കിരീടം! ഫുട്‌ബോളിന്റെ സ്വന്തം ജിയാൻ പിയറോ ഗാസ്പെരിനി!

Wasim Akram

Picsart 24 05 23 12 05 11 297
Download the Fanport app now!
Appstore Badge
Google Play Badge 1

‘എന്ത് കൊണ്ടാണ് കിരീടങ്ങൾ കൊണ്ടു മാത്രം നിങ്ങൾ നേട്ടങ്ങളെ അളക്കുന്നത്, ഞാൻ മുമ്പ് ഉള്ളതിനെക്കാൾ ഇപ്പോൾ മികച്ചത് ആയി എന്നതിന് അതിനു അർത്ഥമില്ല’ 66 മത്തെ വയസ്സിൽ കരിയറിലെ ആദ്യ കിരീടം ആയ യുഫേഫ യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം സ്‌കൈ ഇറ്റാലിയയോട് ജിയാൻ പിയറോ ഗാസ്പെരിനി പറഞ്ഞ വാക്കുകൾ ആണ് ഇവ. ചിലപ്പോൾ ഒരു ആധുനിക പരിശീലകൻ ഒരിക്കലും പറയാൻ ഇടയില്ലാത്ത വാക്കുകൾ, അത്രമേൽ ക്രൂരമായ ഫുട്‌ബോൾ മാനേജറുടെ ഹോട്ട് സീറ്റിൽ ഇരിക്കുന്ന ആ പഴയ ജനറേഷന്റെ അവസാന പ്രതിനിധികളിൽ ഒന്നാവും ചിലപ്പോൾ ഗാസ്പെരിനി. യുവന്റസ് അക്കാദമിയിൽ തുടങ്ങി 35 മത്തെ വയസ്സിൽ വിരമിക്കുന്ന സമയത്ത് അത്രയൊന്നും മികച്ച ഫുട്‌ബോൾ കരിയർ ഒന്നും ഗാസ്പെരിനിക്ക് പറയാൻ ഉണ്ടായിരുന്നില്ല. വിരമിച്ച ശേഷം ഇടക്ക് ഫിനാഷ്യൽ സെക്ടറിൽ ജോലി നോക്കിയ ശേഷം യുവന്റസ് അക്കാദമിയിൽ പരിശീലകനാവുന്ന അദ്ദേഹം ആ സമയത്ത് അണ്ടർ 14, 17, 20 ടീമുകളുടെ പരിശീലകൻ ആയി. 2003 ൽ സീരി സി ടീമായ ക്രൊട്ടോന്റെ പരിശീലകൻ ആയാണ് തന്റെ സീനിയർ പരിശീലക കരിയർ ഗാസ്പെരിനി തുടങ്ങുന്നത്.

ഗാസ്പെരിനി

തുടർന്ന് ടീമിനെ സീരി ബിയിലും എത്തിക്കുന്ന അദ്ദേഹം 2006 വരെ അവരെ പരിശീലിപ്പിച്ചു. 2006 ൽ ജെനോവ പരിശീലകൻ ആവുന്ന ഗാസ്പെരിനി തന്റെ ആദ്യ സീസണിൽ തന്നെ ടീമിനെ സീരി എയിൽ എത്തിച്ചു. തുടർന്ന് ഇറ്റാലിയൻ ഫുട്‌ബോളിൽ തന്റേതായ ഇടം സ്വയം ഉണ്ടാക്കുന്ന ഗാസ്പെരിനിയെ ആണ് ഫുട്‌ബോൾ ലോകം കണ്ടത്. 2008-09 സീസണിൽ ജെനോവയെ അഞ്ചാം സ്ഥാനത്ത് എത്തിക്കുന്ന അദ്ദേഹം അവർക്ക് യൂറോപ്പ ലീഗ് യോഗ്യതയും നേടിക്കൊടുത്തു. തന്റെ പ്രസിദ്ധമായ 3-4-3 ഫോർമേഷനിൽ മികച്ച പ്രസും അതിലും മികച്ച ആക്രമണ ഫുട്‌ബോളും ആയുള്ള ഗാസ്പെരിനിയുടെ ഫുട്‌ബോളിന് യൂറോപ്പിൽ തന്നെ ആരാധകർ ഉണ്ടായി. കരിയർ അവസാനിച്ചു എന്നു കരുതിയ ഡിയെഗോ മിലിറ്റോ, തിയാഗോ മോട്ടോ തുടങ്ങിയവർക്ക് ഒരു ഉയിർത്തെഴുന്നേപ്പു ഉണ്ടാവുന്നതും ഗാസ്പെരിനിയിലൂടെ തന്നെ ആയിരുന്നു. ആ സമയത്ത് കളിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമായി ജെനോവയെ അടയാളപ്പെടുത്തിയത് സീരി എയും ചാമ്പ്യൻസ് ലീഗും നേടിയ ഇന്റർ മിലാൻ പരിശീലകൻ സാക്ഷാൽ ജോസെ മൊറീന്യോ തന്നെ ആയിരുന്നു.

ഗാസ്പെരിനി

എന്നും തന്റെ ശക്തമായ വ്യക്തിത്വം കാത്ത് സൂക്ഷിച്ച ഗാസ്പെരിനി ജെനോവ പുറത്താക്കിയ ശേഷം 2011 ൽ ആണ് ഇന്റർ മിലാൻ പരിശീലകൻ ആവുന്നത്. അദ്ദേഹം കരിയറിൽ പരിശീലിപ്പിച്ച ഏക വലിയ ക്ലബ്, എന്നാൽ വെറും മൂന്നു മാസത്തിനുള്ളിൽ മോശം പ്രകടനം കാരണം അദ്ദേഹത്തെ ഇന്റർ പുറത്താക്കി. തുടർന്ന് ഇടക്ക് താൻ കളിച്ച മുൻ ക്ലബ് പലർമോയെ പരിശീലിപ്പിച്ച അദ്ദേഹം ഇടക്ക് 3 കൊല്ലം വീണ്ടും ജെനോവയെ പരിശീലിപ്പിച്ചു. തുടർന്ന് 2016 ൽ ആണ് അദ്ദേഹത്തിന്റെയും അറ്റലാന്റയുടെയും തലവര മാറ്റിയ തീരുമാനമായി ഗാസ്പെരിനി അവരുടെ പരിശീലകൻ ആവുന്നത്. 130 വർഷം അടുത്ത് പഴക്കമുള്ള ശക്തമായ ആരാധക കൂട്ടവും കുടുംബം പോലെ ഉറപ്പുള്ളതും ആയ അറ്റലാന്റക്ക് അവരുടെ സുവർണ യുഗം ആണ് ഈ 8 വർഷം കൊണ്ട് ഗാസ്പെരിനി നൽകിയത്. സീരി എയിൽ നിലനിൽക്കാൻ പൊരുതുന്ന ടീമിൽ നിന്നു ഏത് ദിവസവും ആരെയും ഞെട്ടിക്കാൻ പറ്റുന്ന ഹൈ പ്രസും കൃത്യമായ പാസിങും മികച്ച അക്രമണ ഫുട്‌ബോളും കളിക്കുന്ന യൂറോപ്യൻ ഫുട്‌ബോൾ ലക്ഷ്യം വെക്കുന്ന ടീമായി അറ്റലാന്റ ഈ കാലത്ത് വളർന്നു. ഗാസ്പെരിനി ആദ്യ സീസണിൽ തന്നെ ലീഗിൽ നാലാമത് എത്തിയ അവർ യൂറോപ്പ ലീഗിലേക്ക് യോഗ്യതയും നേടി. 26 വർഷങ്ങൾക്ക് ശേഷം ആദ്യമായി ആയിരുന്നു അറ്റലാന്റ വീണ്ടും യൂറോപ്യൻ ഫുട്‌ബോൾ കളിക്കുന്നത്.

ഗാസ്പെരിനി

രണ്ടാം സീസണിലും ടീമിന് യൂറോപ്പ ലീഗ് യോഗ്യത നേടി നൽകുന്ന ഗാസ്പെരിനി ടീമിനെ കോപ്പ ഇറ്റാലിയ സെമിഫൈനലിലും എത്തിക്കുന്നുണ്ട്. 2019 ൽ സീരി എയിൽ മൂന്നാമത് എത്തുന്ന അറ്റലാന്റയെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗിലേക്കും ഗാസ്പെരിനി നയിക്കുന്നു. ആ സീസണിൽ കോപ്പ ഇറ്റാലിയ ഫൈനലും അവർ കളിക്കുന്നുണ്ട്. ഐതിഹാസം എന്നു തന്നെ പറയാവുന്ന ചാമ്പ്യൻസ് ലീഗ് പ്രകടനം ആണ് കോവിഡ് സീസണിൽ അറ്റലാന്റ നടത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ ഗ്രൂപ്പിൽ രണ്ടാമത് എത്തിയ അവർ പ്രീ ക്വാർട്ടറിൽ വലൻസിയയെ ഇരു പാദങ്ങളിലും ആയി 8-4 ആണ് തോൽപ്പിക്കുന്നത്. കോവിഡ് ഏറ്റവും തീവ്രമായി തങ്ങളുടെ സിറ്റിയെ ബാധിച്ച സമയത്ത് പല പ്രമുഖ താരങ്ങളെയും പരിക്ക് മൂലം നഷ്ടമായിട്ടും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആ വർഷം ഫൈനൽ കളിച്ച പാരിസ് സെന്റ് ജെർമനോട് അവിശ്വസനീയം ആയ പോരാട്ടത്തിന് ഒടുവിൽ 2-1 നു ആണ് അവർ കീഴടങ്ങുന്നത്. ചെറിയ സ്‌ക്വാഡ് വെച്ചു പാരീസിന്റെ സൂപ്പർ സംഘത്തെ ഗാസ്പെരിനി വിറപ്പിക്കുക തന്നെ ആയിരുന്നു. അടുത്ത സീസണിൽ ആക്രമണ ഫുട്‌ബോൾ കൊണ്ടു സീരി എയെ വിറപ്പിക്കുന്ന അറ്റലാന്റയെ ആണ് ലോകം കണ്ടത്. സീസണിൽ 98 ഗോളുകൾ നേടിയ അവർ 60 കൊല്ലത്തിന് ഇടയിൽ ഒരു ഇറ്റാലിയൻ ടീം ഒരു സീസണിൽ നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ ആണ് നേടിയത്.

പലപ്പോഴും 5-0 നും 6-0 നും 7-0 നും ജയിക്കുക എന്നത് അവരുടെ പതിവ് ആയിരുന്നു ഈ സീസണിൽ. ജോസിപ് ഇലിസിചും, ലൂയിസ് മുരിയലും, ദുവാൻ സപാറ്റയും 15 ൽ അധികം ലീഗ് ഗോളുകൾ ആണ് സീസണിൽ അടിച്ചു കൂട്ടിയത്. തുടർച്ചയായി രണ്ടാം തവണയും ലീഗിൽ മൂന്നാമത് എത്തിയ അറ്റലാന്റ ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കി. അടുത്ത സീസണിൽ ടീമിന്റെ നട്ടെല്ലും ക്യാപ്റ്റനും ആയ പാപ്പു ഗോമസ് ടീം വിട്ടിട്ടും ഗാസ്പെരിനിയും സംഘവും കുലുങ്ങിയില്ല. വീണ്ടും ഒരിക്കൽ കൂടി മൂന്നാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടിയ അവർ ചാമ്പ്യൻസ് ലീഗിൽ അവസാന 16 ൽ റയൽ മാഡ്രിഡിനോട് ആണ് കീഴടങ്ങിയത്. പക്ഷെ ഒരിക്കൽ കൂടി കോപ്പ ഇറ്റാലിയ ഫൈനലിൽ അവർ യുവന്റസിനോട് വീണു. 2021-22 സീസണിൽ പക്ഷെ ഗാസ്പെരിനിക്ക് താഴെ ആദ്യമായി എട്ടാമത് ആയ അറ്റലാന്റക്ക് യൂറോപ്യൻ യോഗ്യത നേടാൻ ആയില്ല, സീസണിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ അവർ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലും പുറത്തായി. എന്നാൽ കഴിഞ്ഞ സീസണിൽ ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തിയ അവർ യൂറോപ്പ ലീഗ് യോഗ്യത നേടി തങ്ങളുടെ മാജിക് എവിടെയും പോയില്ല എന്നു തെളിയിക്കുക ആയിരുന്നു.

നിലവിൽ സീസണിൽ ഇതിനകം തന്നെ ലീഗിൽ അഞ്ചാം സ്ഥാനം ഉറപ്പിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയ അറ്റലാന്റ ഇത്തവണ യൂറോപ്പ ലീഗിൽ രണ്ടും കൽപ്പിച്ചു ആണ് ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാർ ആയ അവർ പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുമ്പ് നേരിട്ട പോർച്ചുഗീസ് ജേതാക്കൾ ആയ നിലവിൽ ഏറ്റവും മികച്ച പരിശീലകരിൽ ഒരാൾ ആയി പലരും ചൂണ്ടികാട്ടുന്ന റൂബൻ അമോറിമിന്റെ സ്പോർട്ടിങ് ലിസ്ബണിനെ മറികടന്നു ആണ് ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. ടാക്ടിക്കലി വളരെ ചെറുപ്പക്കാരൻ ആയ ന്യൂ ജനറേഷൻ പരിശീലകനു മുന്നിൽ തന്റെ ക്ലാസ് ഗാസ്പെരിനി കാണിച്ചു. ക്വാർട്ടർ ഫൈനലിൽ ലിവർപൂളിൽ തന്റെ അവസാന സീസൺ അവിസ്മരണീയം ആക്കാൻ എത്തിയ ക്ലോപ്പിന് ദുസ്വപ്നം ആണ് ഗാസ്പെരിനി സമ്മാനിച്ചത്. ആദ്യ പാദത്തിൽ ആൻഫീൽഡിൽ സ്കമാക്കയുടെ ഇരട്ടഗോൾ മികവിൽ 3-0 നു ജയിക്കുന്ന അറ്റലാന്റ അന്ന് തന്നെ സെമിഫൈനൽ ഉറപ്പിച്ചിരുന്നു. സെമി ഫൈനലിൽ മാഴ്സെയെ രണ്ടാം പാദത്തിലെ 3-0 ഗോൾ സ്കോറിൽ മുക്കിയ അവർ ഫൈനലിൽ 51 കളികളിൽ സീസണിൽ പരാജയം അറിയാതെ വരുന്ന ബുണ്ടസ് ലീഗ ജേതാക്കൾ ആയ പരിശീലകർക്ക് ഇടയിലെ ‘ദ നെക്സ്റ്റ് ബിഗ് തിങ്’ സാക്ഷാൽ സാബി അലോൺസോയുടെ ബയേർ ലെവർകുസനെ ആണ് നേരിടേണ്ടത് എന്നറിഞ്ഞപ്പോൾ പലരും അവരെ എഴുതി തള്ളിയത് ആണ്.

ഗാസ്പെരിനി

തുടർച്ചയായ മത്സരങ്ങൾക്ക് ഇടയിൽ 3 ദിവസം മുമ്പ് കോപ്പ ഇറ്റാലിയ ഫൈനലിൽ ഒരിക്കൽ കൂടി യുവന്റസിനോട് 1-0 നു പരാജയം നേരിട്ടാണ് അറ്റലാന്റ യൂറോപ്പ ലീഗ് ഫൈനലിന് എത്തുന്നത്. അതിനു ഇടയിൽ ലീഗിൽ അഞ്ചാം സ്ഥാനം ഉറപ്പിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത അവർ ഉറപ്പാക്കുന്നുണ്ട്. കഴിഞ്ഞ 22 ദിവസത്തിനു ഇടയിൽ 7 മത്സരങ്ങൾ കളിക്കുന്നതോ ഒരാഴ്ചക്ക് ഇടയിൽ മൂന്നാം മത്സരത്തിന് ഇറങ്ങുന്നതോ തുടർച്ചയായ ഫൈനൽ പരാജയങ്ങൾ മാനസികമായി തളർത്തുന്നതോ ഒന്നും പ്രതിസന്ധിയല്ലാത്ത ഒരു അടലാന്റയെ ആണ് പരാജയം എന്തെന്നു അറിയാത്ത ലെവർകുസനു എതിരെ ഇന്നലെ കാണാൻ ആയത്. സാബിയുടെ ഷോർട്ട് പാസ് ബോൾ പ്ലെയിങ് മാസ്റ്റർ ക്ലാസിനു എതിരെ തന്റെ പോരാളികൾ ആയ താരങ്ങളെ ഉപയോഗിച്ച് ഗാസ്പെരിനി ചെക്ക് വെക്കുന്ന കാഴ്ച അതിമനോഹരം ആയിരുന്നു. എത്ര നേരം വരെ വേണമെങ്കിലും എല്ലാം നൽകി എതിരാളിയുടെ ഹാഫിൽ പ്രസ് ചെയ്യുന്ന, ഒന്നാന്തരം ആയി പ്രതിരോധിക്കുന്ന, മാൻ മാർക്ക് ചെയ്തു ബോൾ റാഞ്ചുന്ന ഗാസ്പെരിനിയുടെ താരങ്ങൾ ജർമ്മൻ ജേതാക്കൾക്ക് മത്സരത്തിൽ അധികം ഒന്നും നൽകിയില്ല എന്നത് തന്നെയാണ് വാസ്തവം.

ഗാസ്പെരിനി

3-4-3 യിൽ വിങ് ബാക്കുകൾക്ക് നല്ല സ്വാതന്ത്ര്യം ലഭിക്കുന്ന ഗാസ്പെരിനി സിസ്റ്റം പലപ്പോഴും അവസരത്തിനു ഒപ്പം 4-3-3 ആയും 4-2-3-1 ആയും ഒക്കെ മാറും. പലരും എഴുതി തള്ളിയ സ്കമാക്കയുടെ ഉയിർത്തെഴുന്നേൽപ്പ് കൂടിയാണ് ഗാസ്പെരിനി നടപ്പിലാക്കിയത്. തന്റെ പ്രസിങ് കൊണ്ട് ഇറ്റാലിയൻ യുവതാരം നൽകിയ അവസരം ആണ് ഹാട്രിക് കൊണ്ട് ലുക്മാൻ മുതലാക്കിയത്. കരിയറിലെ ഏറ്റവും മികച്ച മത്സരം തന്നെയാണ് ലുക്മാനിൽ നിന്നു ഇന്നലെ കണ്ടത്. കാലം കഴിഞ്ഞു എന്ന് പറഞ്ഞ കൊലാസിനാക്കിൽ നിന്നും സപകോസ്റ്റയിൽ നിന്നും മികവ് പുറത്ത് എടുത്ത ഗാസ്പെരിനിയുടെ ടീമിന്റെ നട്ടെല്ലു കോപ്മെയിനേർസും എഡേർസനും അടങ്ങിയ മധ്യനിര തന്നെ ആയിരുന്നു. 62 വർഷത്തിന് ശേഷം ആദ്യമായി അറ്റലാന്റക്ക് ഒരു കിരീടം നേടി നൽകുന്ന ഗാസ്പെരിനി അവർക്ക് സമ്മാനിക്കുന്നത് അവരുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം പ്രധാന കിരീടവും ആദ്യ യൂറോപ്യൻ ട്രോഫിയും ആണ്. ഏതാണ്ട് നാലാം പതിറ്റാണ്ടിൽ എത്തുന്ന തന്റെ പരിശീലന കരിയറിൽ ഇറ്റാലിയൻ പരിശീലകന്റെ ആദ്യ കിരീടവും. ഈ കിരീടം ഉണ്ടായാലും ഇല്ലെങ്കിലും ഇതിനകം തന്നെ അറ്റലാന്റയിൽ, ഇറ്റാലിയൻ ഫുട്‌ബോളിൽ ലോക ഫുട്‌ബോളിൽ തന്റെ സ്ഥാനം ഗാസ്പെരിനി ഉറപ്പിച്ചിരുന്നു എന്നത് ആണ് വാസ്തവം. പിന്നെ കിരീടം എന്നത് അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം ആയി കാണാൻ ആണ് താൽപ്പര്യം, കാരണം ഈ കിരീടം മറ്റാരെക്കാളും ഫുട്‌ബോളിന്റെ സ്വന്തം ജിയാൻ പിയറോ ഗാസ്പെരിനി അർഹിക്കുന്നുണ്ട്.