മൗറീനോയ്ക്കും സ്പർസിനും ഇന്ന് നാണക്കേടിന്റെ രാത്രി ആയേനെ. അവസാന പത്ത് മിനുട്ടിലെ പ്രകടനം കൊണ്ടാണ് മൗറീനോയുടെ ടീം യൂറോപ്പാ ലീഗിലെ യോഗ്യതാ റൗണ്ടിൽ നിന്ന് പുറത്താകാതെ രക്ഷപ്പെട്ടത്. ഇന്ന് നടന്ന മത്സരത്തിൽ ബൾഗേറിയൻ ക്ലബായ ലോകോമോടിവ് പ്ലോവ്ദിവ് ആയിരുന്നു സ്പർസിന്റെ എതിരാളികൾ. ശക്തമായ നിരയെ തന്നെ മൗറീനോ ഇറക്കിയിട്ടും കളിയിൽ സ്പർസ് കഷ്ടപ്പെടുന്നതാണ് കാണാൻ കഴിഞ്ഞത്. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാൻ പകുതിയിൽ 71ആം മിനുട്ടിൽ ലോകോമോടിവ് ലീഡ് എടുത്തു.
മിഞ്ചേവിന്റെ ഹെഡറായിരുന്നു ലോറിസിനെ കീഴ്പ്പെടുത്തി വലയിൽ എത്തിയത്. പക്ഷെ 79ആം മിനുട്ടിൽ രണ്ട് ലോകോമോടീവ് താരങ്ങൾ ചുവപ്പ് കാണുകയും ഒരു പെനാൾട്ടി ലഭിക്കുകയും ചെയ്തത് മൗറീനോ ടീമിനെ രക്ഷിച്ചു. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കെയ്ൻ സ്പർസിന് സമനില നൽകി. 85ആം മിനുട്ടിൽ എൻഡോംബലെ സ്പർസിന് വിജയ ഗോളും നൽകി. ഇനി അടുത്ത ആഴ്ച നടക്കുന്ന മൂന്നാം യോഗ്യതാ റൗണ്ടിൽ സ്പർസ് മാസിഡോണിയൻ ടീമായ കെ എഫ് ഷെൻഡിജയെ നേരിടും.