സ്‌പെയിനിൽ എസ്പിയാന്യോളോട് രണ്ടാം പാദത്തിൽ 3-2 നു തോറ്റു എങ്കിലും ഇരുപാദങ്ങളിൽ ആയി 6-3 ന്റെ വലിയ ജയം ആണ് ഇംഗ്ലീഷ് ക്ലബ് ആഘോഷിച്ചത്. ആദ്യ പാദത്തിൽ വഴങ്ങിയ 4-0 എന്ന കനത്ത തോൽവി മറികടക്കുക എന്ന അസാധ്യമായ ദൗത്യം ആയിരുന്നു എസ്പിയാന്യോളിന്റെ മുന്നിൽ ഉണ്ടായിരുന്നത്. ജയം ഉറപ്പിച്ച വോൾവ്സ് ആവട്ടെ പ്രമുഖ താരങ്ങളിൽ പലർക്കും വിശ്രമം നൽകി. ജോനാഥൻ കാലേറി സ്പാനിഷ് ടീമിനായി ഹാട്രിക് നേടി. 16 മിനിറ്റിൽ ആദ്യ ഗോൾ നേടിയ കാലേറിക്ക് 25 മിനിറ്റിൽ ട്രറോറയിലൂടെ ഇംഗ്ലീഷ് ടീം മറുപടി നൽകി. 57 മിനിറ്റിൽ പെനാൽട്ടിയിലൂടെ കാലേറി വീണ്ടും സ്പാനിഷ് ടീമിനെ മുന്നിൽ എത്തിച്ചു. എന്നാൽ ഡാനിയേൽ പോഡെൻസിന്റെ പാസിൽ മാറ്റ് ദോഹർട്ടി ഇംഗ്ലീഷ് ടീമിന് ഒരിക്കൽ കൂടി സമനില ഗോൾ സമ്മാനിച്ചു.
എന്നാൽ 91 മിനിറ്റിൽ തന്റെ ഹാട്രിക് പൂർത്തിയാക്കിയ കാലേറി മത്സരത്തിൽ സ്പാനിഷ് ടീമിന് ജയം സമ്മാനിച്ചു. മറ്റൊരു മത്സരത്തിൽ സ്വിസ് ടീം ബേസൽ നികോഷിയെ 1 ഗോളിനു തോൽപ്പിച്ചു. ഇരുപാദങ്ങളിൽ ആയി 4-0 നു ജയം കണ്ട സ്വിസ് ടീം ഇതോടെ പ്രീ ക്വാർട്ടർ ഉറപ്പിച്ചു. ഡച്ച് ടീമായ എസിയെ 10 പേരായി ചുരുങ്ങിയിട്ടും 2-0 നു മറികടന്ന ലാസ്‌കും ഇരുപാദങ്ങളിൽ ആയി 3-1 നു അടുത്ത റൗണ്ടിൽ എത്തി. അതേസമയം സ്വീഡിഷ് ടീം മലോമയെ അവരുടെ മൈതാനത്ത് 3-0 ത്തിനു തകർത്ത ജർമ്മൻ ടീം വോൾവ്സ്ബർഗും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഇരുപാദങ്ങളിൽ ആയി 5-1 നാണ് ജർമ്മൻ ടീം ജയം കണ്ടത്. ബ്രകാലോ, ഗെർഹാർട്ട്, വിക്റ്റർ എന്നിവർ ആണ് ജർമ്മൻ ടീമിന്റെ ഗോളുകൾ നേടിയത്.