യൂറോപ്പ ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ റമോൻ സാഞ്ചസിൽ സെവിയ്യ യുവന്റസിനെ വരവേൽക്കുമ്പോൾ ലെവർകൂസന് സ്വന്തം തട്ടത്തിൽ മൗറിഞ്ഞോയുടെ റോമ എതിരാളികൾ. ആദ്യ പാദം കൃത്യമായ സൂചനകൾ ഒന്നും തന്നില്ലെങ്കിലും ഒരു ഗോൾ ലീഡുമായി എത്തുന്ന റോമക്ക് മാത്രമാണ് ഇതുവരെ ആശ്വസിക്കാൻ ഉള്ളത്. വെള്ളിയാഴ്‌ച പുലർച്ചെ 12.30ന് ആരംഭിക്കുന്ന മത്സരങ്ങൾ ബുഡാപെസ്റ്റിലെ പുഷ്‌കാസ് അറീനയിൽ വെച്ച് നടക്കുന്ന ഫൈനലിസ്റ്റുകളെ തീരുമാനിക്കും.
ചാമ്പ്യൻസ് ലീഗിൽ എന്ന പോലെ ഇറ്റാലിയൻ ടീമുകളുടെ മുന്നേറ്റം ആണ് യൂറോപ്പ ലീഗ് സെമിയിലും കണ്ടത്. എന്നാൽ യൂറോപ്പ ഫൈനലിൽ ഇറ്റാലിയൻ ടീം ഉണ്ടാവുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം. സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ലെവർകൂസനെ കീഴടക്കാൻ റോമക്ക് സാധിച്ചു. എഡ്വാർഡോ ബോവേ കുറിച്ച ഗോളിന്റെ ആനുകൂല്യത്തിൽ ആണ് റോമ ലെവർകൂസനെ നേരിടാൻ എത്തുന്നത്. രണ്ടാം പാദത്തിലും നിർണായകനാവാൻ പോകുന്നത് മൗറീഞ്ഞോയുടെ തന്ത്രങ്ങൾ തന്നെ ആവും. പരിക്കേറ്റിരുന്ന ഡൈബാല, ക്രിസ് സ്മാളിങ് എന്നിവർ കഴിഞ്ഞ ദിവസം ടീമിനോടൊപ്പം പരിശീലനം നടത്തിയിരുന്നു. അതേ സമയം സ്വന്തം തട്ടകത്തിൽ റോമയെ വീഴ്ത്താൻ സാധിക്കും എന്ന ആത്മവിശ്വാസത്തിൽ ആവും സാബി ആലോൻസോയും സംഘവും. അതേ സമയം ലീഗിൽ സ്റ്റുഗർട്ടിനോട് സമനിലയിൽ കുരുങ്ങിയ ശേഷമാണ് ലെവർകൂസൻ മത്സരത്തിന് എത്തുന്നത്. റോമയും ബൊളോഗ്നക്കെതിരെ ഗോൾ രഹിത സമനിലയിൽ കുരുങ്ങിയിരുന്നു. സെമിയിൽ ടാമി അബ്രഹാം അടക്കമുള്ള മുൻനിര ഫോമാവുന്നതിനാണ് റോമ ഉറ്റു നോക്കുന്നത്. ഡൈബാലക്ക് കളത്തിൽ ഇറങ്ങാൻ കഴിയുന്ന സമയവും നിർണായകമാവും.
യുവന്റസിന്റെ തട്ടകത്തിൽ ആദ്യം ലീഡ് എടുത്തു ഞെട്ടിച്ച സെവിയ്യക്ക് പക്ഷെ, കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചു കൊണ്ട് ഇഞ്ചുറി ടൈമിൽ യുവന്റസ് സമനില ഗോൾ നേടുന്നതിനും സാക്ഷികൾ ആവേണ്ടി വന്നു. സ്വന്തം തട്ടകത്തിൽ മുൻതൂക്കം തങ്ങൾക്ക് തന്നെ എന്ന വിശ്വാസത്തിൽ ആവും സെവിയ്യ. യൂറോപ്പ പോരാട്ടങ്ങൾ വിജയിക്കാനുള്ള തന്ത്രങ്ങൾ ടീമിന് സ്വായത്തമാണ് താനും. ലീഗിൽ അവസാന മത്സരത്തിൽ വല്ലഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തി തങ്ങളുടെ ഫോം അവർ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. യുവന്റസും ലീഗിൽ ക്രിമോനീസിനെ വീഴ്ത്തിയ ശേഷമാണ് സ്പെയിനിലേക്ക് എത്തുന്നത്. സീസണിലെ ഏക കിരീടം നേടാൻ അല്ലെഗ്രിയും സംഘവും കച്ചകെട്ടി ഇറങ്ങുമ്പോൾ മികച്ചൊരു പോരാട്ടമാണ് പോരാട്ടമാണ് ഫുട്ബോൾ ആരാധകരും കാത്തിരിക്കുന്നത്. ആദ്യ പാദം കളിച്ച താരങ്ങളിൽ നിന്നും ഇരു ടീമിലും വലിയ മാറ്റങ്ങൾ ഉണ്ടാവില്ല.