യുഫേഫ യൂറോപ്പ ലീഗിൽ റൗണ്ട് ഓഫ് 32 ൽ ഡൈനാമോ സാഗ്ബർഗിനെ വീഴ്ത്തി സെവിയ്യ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് സ്പാനിഷ് ടീം ജയം കണ്ടത്. പെനാൽട്ടിയിലൂടെ ഇവാൻ റാക്റ്റിച് ആണ് മത്സരത്തിൽ സെവിയ്യയെ മുന്നിലെത്തിച്ചത്. തുടർന്ന് ഓർസിച്ചിലൂടെ ക്രൊയേഷ്യൻ ടീം മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ ലൂക്കാസ് ഒകാമ്പോസിലൂടെ വീണ്ടും സെവിയ്യ മത്സരത്തിൽ മുന്നിലെത്തി. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് പാപു ഗോമസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ആന്റണി മാർഷ്യൽ സെവിയ്യ ജയം ഉറപ്പിക്കുക ആയിരുന്നു. ഗ്രീക്ക് വമ്പന്മാരായ ഒളിമ്പാക്യോസിനെ ഇറ്റാലിയൻ ടീം അറ്റലാന്റ വീഴ്ത്തി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന അറ്റലാന്റ രണ്ടാം പകുതിയിൽ ദിജ്മസ്റ്റി നേടിയ ഇരട്ട ഗോളുകൾക്ക് ആണ് അവർ ജയം കണ്ടത്. അതേസമയം സ്പോർട്ടിങ് ബ്രാഗയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്‌ത്തിയ ഷെരീഫും ജയം കണ്ടു.
അതേസമയം കരുത്തരുടെ പോരാട്ടത്തിൽ ഇറ്റാലിയൻ ടീമായ ലാസിയോയെ പോർച്ചുഗീസ് ടീം എഫ്.സി പോർട്ടോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ഒരു ഗോളിന് പിറകിലായ പോർട്ടോ അന്റോണിയോ മാർട്ടിനസ് ലോപ്പസിന്റെ ഇരട്ട ഗോളുകൾക്ക് ആണ് ജയം കണ്ടത്. മറ്റൊരു കരുത്തരുടെ പോരാട്ടത്തിൽ ആർ.ബി ലൈപ്സിഗ്, റയൽ സോസിദാഡ് മത്സരം സമനിലയിൽ അവസാനിച്ചു. ലൈപ്സിഗിന് ആയി എങ്കുങ്കുവും, ഫോർസ്ബർഗും ഗോൾ നേടിയപ്പോൾ സ്പാനിഷ് ടീമിന് ആയി റോബിൻ നോർമണ്ട്, മൈക്കിൾ ഓയർസബാൽ എന്നിവർ ആണ് ഗോൾ നേടിയത്. അതേസമയം ആവേശപോരാട്ടത്തിൽ സെനിറ്റ് പീറ്റേഴ്‌സ്ബർഗിനെ റയൽ ബെറ്റിസ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. ഗഡിയോ റോഡ്രിഗസ്, വില്യം സിൽവ എന്നിവരുടെ ഗോളിൽ ബെറ്റിസ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്. സൂബ, മാൽക്കം എന്നിവരുടെ ഗോളിൽ റഷ്യൻ ടീം തിരിച്ചു വന്നു. ആന്ദ്രസ് ഗുവാർഡോഡയുടെ ഗോളിൽ ബെറ്റിസ് ജയം പിടിക്കുക ആയിരുന്നു. ആദ്യ പകുതിയിൽ ആണ് മത്സരത്തിലെ 5 ഗോളുകളും പിറന്നത്.