യുഫേഫ യൂറോപ്പ ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് പുറത്ത്. റേഞ്ചേഴ്‌സിനോട് ആദ്യ പാദത്തിൽ 4-2 നു തോൽവി നേരിട്ട അവർ രണ്ടാം പാദത്തിൽ 2-2 ന്റെ സമനില പാലിക്കുക ആയിരുന്നു. ജെയിംസ് ടവനിയറിന്റെ ഇരട്ട ഗോളുകൾ സ്‌കോട്ടിഷ് വമ്പന്മാർക്ക് കരുത്ത് ആയപ്പോൾ ബെല്ലിങ്ഹാം, മാലൻ എന്നിവർ ആണ് ജർമ്മൻ ടീമിന് ആയി ആശ്വാസ ഗോളുകൾ നേടിയത്. തിരിച്ചു വരാൻ ഡോർട്ട്മുണ്ട് ശ്രമിച്ചെങ്കിലും റേഞ്ചേഴ്‌സ് അത് തടയുക ആയിരുന്നു. അതേസമയം ആദ്യ പാദത്തിൽ 2-1 നു ലാസിയോയെ വീഴ്ത്തിയ പോർട്ടോ അവസാന നിമിഷങ്ങളിലെ പേടി ഒഴിവാക്കി ആണ് ജയം കണ്ടത്. രണ്ടാം പാദത്തിൽ 2-2 ന്റെ സമനില പാലിക്കുക ആയിരുന്നു ഇരു ക്ലബുകളും. ഇമ്മോബയിലിന്റെ ഗോളിൽ ലാസിയോ മുന്നിലെത്തി എങ്കിലും പോർട്ടോ തരമി, ഉറിബെ എന്നിവരിലൂടെ മത്സരത്തിൽ മുന്നിലെത്തി. 94 മത്തെ മിനിറ്റിൽ ഡാനിലോ കറ്റാൽഡി നേടിയ ഗോൾ ലാസിയോക്ക് പ്രതീക്ഷ നൽകി. സമനില ഗോളിന് ആയി അവർ പൊരുതിയെങ്കിലും പോർട്ടോ പിടിച്ചു നിൽക്കുക ആയിരുന്നു. ആദ്യ പാദത്തിൽ 3-2 നു സെനിറ്റിനോട് ജയിച്ച റയൽ ബെറ്റിസ് രണ്ടാം പാദത്തിൽ ഗോൾ രഹിത സമനില നേടി മുന്നോട്ടു പോയി.
ആദ്യ പാദത്തിൽ റയൽ സോസിദാഡിനോട് 2-2 നു സമനില വഴങ്ങിയ ആർ.ബി ലൈപ്സിഗ് രണ്ടാം പാദത്തിൽ 3-1 നു ജയം കണ്ടു. ജർമ്മൻ ക്ലബിന് ആയി വില്ലി ഓർബൻ, ആന്ദ്ര സിൽവ, എമിൽ ഫോർസ്ബർഗ് എന്നിവർ ആണ് ഗോളുകൾ നേടിയത്. ആന്ദ്ര സിൽവ നേരത്തെ പെനാൽട്ടി പാഴാക്കുന്നതും മത്സരത്തിൽ കണ്ടു. ആദ്യ പാദത്തിൽ ഒളിമ്പിയാക്യോസിനെ 2-1 നു തോൽപ്പിച്ച അറ്റലാന്റ രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ജയിച്ചത്. റൂസ്‌ലൻ മലിനോവ്സ്കി ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ജോക്വിം മഹലെയാണ് മൂന്നാമത്തെ ഗോൾ നേടിയത്. ആദ്യ പാദത്തിൽ 3-1 നു ഡൈനാമോ സാഗ്രബിനോട് ജയിച്ച സെവിയ്യ ഇന്ന് പക്ഷെ അവരോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു. മിസ്‌ലാവ് ഓർസിച്ചിന്റെ പെനാൽട്ടി ഗോൾ ക്രൊയേഷ്യൻ ടീമിന് പ്രതീക്ഷ നൽകിയെങ്കിലും 10 പേരായി ചുരുങ്ങിയിട്ടും സെവിയ്യ പിടിച്ചു നിന്നു അടുത്ത റൗണ്ട് ഉറപ്പിക്കുക ആയിരുന്നു. ആദ്യ പാദത്തിൽ ഷെരീഫിനോട് 2 ഗോളുകൾക്ക് പരാജയപ്പെട്ട സ്പോർട്ടിങ് ബ്രാഗ രണ്ടാം പാദത്തിൽ 2 ഗോളുകൾ നേടി തിരിച്ചു വന്നു. തുടർന്ന് പെനാൽട്ടി ഷൂട്ട് ഔട്ടിൽ ഷെരീഫിനെ 3-2 നു മറികടന്ന അവർ അടുത്ത റൗണ്ട് ഉറപ്പാക്കുകയും ചെയ്തു.