യൂറോപ്പ ലീഗിൽ ലിസ്ബണിനെ ഞെട്ടിച്ച് തുർക്കി ടീം, റോമയും ലെവർകുസനും പ്രീ ക്വാർട്ടറിൽ

Wasim Akram

പോർച്ചുഗീസ് വമ്പന്മാർ ആയ സ്പോർട്ടിങ് ലിസ്ബണിനെ ഞെട്ടിച്ച് തുർക്കി ടീം ആയ ഇസ്‌താപൂൾ ബാസകെഹിർ. ആദ്യ പാദത്തിൽ പോർച്ചുഗലിൽ 3-1 നു തോൽവി വഴങ്ങിയ ശേഷമായിരുന്നു തുർക്കി ടീമിന്റെ അവിസ്മരണീയമായ തിരിച്ചു വരവ്. 4-1 നു സ്വന്തം മൈതാനത്ത് ജയം കണ്ട അവർ 5-4 നു ഇരുപാദങ്ങളിൽ ആയി ജയം കാണുക ആയിരുന്നു. മുൻ പ്രീമിയർ ലീഗ് താരങ്ങൾ ആയ സ്കെർട്ടൽ, ക്ളീച്ചി, ഡെമ്പ ബാ തുടങ്ങിയ താരങ്ങൾ അടങ്ങിയ തുർക്കി ടീം അധികസമയത്ത് ആണ് ആവേശകരമായ ജയം കൈക്കലാക്കിയത്.

31 മിനിറ്റിൽ സ്കെർട്ടൽ അവർക്ക് ലീഡ് നൽകി, തുടർന്ന് 45 മിനിറ്റിൽ അലക്‌സിച്ചിലൂടെ അവർ ലീഡ് ഉയർത്തി. എന്നാൽ 68 മിനിറ്റിൽ വിയറ്റയിലൂടെ ലിസ്ബൺ അവേ ഗോൾ കണ്ടെത്തി. പോർച്ചുഗീസ് ടീം ജയത്തിലേക്ക് എന്ന ഘട്ടത്തിൽ 91 മിനിറ്റിൽ എഡിൻ വിസ്‌കയിലൂടെ തുർക്കി ടീം മത്സരം അധികസമയത്തിലേക്ക് നീട്ടി. തുടർന്ന് അധികസമയത്തിന്റെ അവസാനനിമിഷം ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട എഡിൻ വിസ്‌ക തുർക്കി ആരാധകർക്ക് സ്വർഗ്ഗം സമ്മാനിച്ചു. അതേസമയം മറ്റൊരു പോർച്ചുഗീസ് ക്ലബ് ആയ പോർട്ടോയും ടൂർണമെന്റിൽ നിന്നു പുറത്തായി.

ആദ്യ പാദത്തിൽ 2-1 തോൽവി വഴങ്ങിയ അവർ രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് 3-1 നു ആണ് ജർമ്മൻ ക്ലബ് ബയേർ ലെവർകുസനോട് തോൽവി വഴങ്ങിയത്. 10 മഞ്ഞക്കാർഡും ഒരു ചുവപ്പ് കാർഡും കണ്ട മത്സരത്തിൽ 1 ഗോൾ അടിക്കുകയും 2 ഗോൾ അടിപ്പിക്കുകയും ചെയ്ത ജർമ്മൻ യുവ താരം കായ് ഹാവർട്ട്സ് ആണ് ജർമ്മൻ ടീമിന്റെ വിജയശില്പി. ലൂക്കാസ് അലാരിയോ, ഡെമിർബേ എന്നിവർ ആയിരുന്നു ജർമ്മൻ ടീമിനായി ഗോൾ നേടിയ മറ്റ്‌ രണ്ടു പേർ. പോർട്ടോക്ക് ആയ മൂസ മരേഗ ആശ്വാസഗോൾ നേടി. ആദ്യ പാദത്തിൽ ഗെന്റിനെ ഒരു ഗോളിന് മറികടന്ന റോമ രണ്ടാം പാദത്തിൽ 1-1 നു സമനില നേടി അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഡേവിഡ് ഗെന്റിനായി ഗോൾ നേടിയപ്പോൾ മിക്കിത്യാരന്റെ പാസിൽ ജസ്റ്റിൻ ക്ലുവർട്ട് ആണ് ഇറ്റാലിയൻ ടീമിനായി നിർണായക ഗോൾ നേടിയത്.