യൂറോപ്പ ലീഗിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ കളിച്ച ടീം ആയ അയാക്സ് പുറത്ത്. ആദ്യ പാദത്തിൽ 2-0 ത്തിന്റെ തോൽവി വഴങ്ങിയ ഡച്ച് വമ്പന്മാർക്ക് രണ്ടാം പാദത്തിൽ സ്പാനിഷ് ടീം ഗെറ്റാഫയെ 2-1 നു മറികടക്കാൻ ആയെങ്കിലും അനിവാര്യമായ പുറത്ത് പോക്ക് ഒഴിവാക്കാൻ ആയില്ല. കളി തുടങ്ങി അഞ്ചാമത്തെ മിനിറ്റിൽ തന്നെ ജെയ്മി മാറ്റയുടെ ഗോളിൽ പിറകിൽ പോയ അയാക്സ് മികച്ച പോരാട്ടം ആണ് തുടർന്ന് നടത്തിയത്. ഗോൾ വഴങ്ങി 5 മിനിറ്റിനുള്ളിൽ തന്നെ വാൻ ഡീ ബിക്കിന്റെ പാസിൽ ഡാനിലോ ഡച്ച് വമ്പന്മാരെ ഒപ്പമെത്തിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 63 മിനിറ്റിൽ ഒളിവേരയുടെ സെൽഫ് ഗോളിൽ അയാക്സ് മത്സരത്തിൽ ലീഡ് നേടി.
എന്നാൽ പിന്നീട് സർവ്വം മറന്ന് പൊരുതി നോക്കിയിട്ടും പുറത്ത് പോക്ക് ഒഴിവാക്കാൻ മാത്രം അയാക്സിന് ആയില്ല. 70 ശതമാനം സമയം പന്ത് കൈവശം വച്ചിട്ടും ഗെറ്റാഫയുടെ പ്രതിരോധം അധികം പരീക്ഷിക്കാൻ ഡച്ച് വമ്പന്മാർക്ക് ആയില്ല. അതേസമയം സ്കോട്ടിഷ് വമ്പന്മാർ ആയ കെൽറ്റിക്കും യൂറോപ്പ ലീഗിൽ നിന്ന് പുറത്തായി. എഫ്.സി കോപ്പൻഹേഗൻ ആണ് അവരെ ഇരുപാദങ്ങളിൽ ആയി 4-2 നു മറികടന്നത്. 1-1 നു അവസാനിച്ച ആദ്യ പാദത്തിന് ശേഷം 3-1 നു ആണ് ഇന്ന് കോപ്പൻഹേഗൻ ജയം കണ്ടത്. അതേസമയം മുൻ ജേതാക്കൾ കൂടിയായ സെവിയ്യയും യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ക്ലുജിന് എതിരായ ഇന്നത്തെ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ, 1-1 നു അവസാനിച്ച ആദ്യ പാദത്തിലെ അവേ ഗോൾ ആണ് സ്പാനിഷ് ടീമായ സെവിയ്യക്ക് അവസാന 16 ൽ ഇടം നൽകിയത്.