യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ലൈപ്സിഗും അറ്റലാന്റയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ചാണ് പിരിഞ്ഞത്. ജർമ്മനിയിൽ നടന്ന മത്സരത്തിൽ 17ആം മിനുട്ടിൽ മുരിയൽ ലീഡ് നൽകി. ഈ ഗോളിന് മറുപടി നൽകാൻ ലൈപ്സിഗ് കഷ്ടപ്പെട്ടു. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ലഭിച്ച ഒരു പെനാൾട്ടി ആണ് ലൈപ്സിഗിന് രക്ഷയായത്.
ആൻഡ്രെ സില്വ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു എങ്കിലും സപകോസ്റ്റയുടെ ഒരു സെൽഫ് ഗോൾ ലൈപ്സിഗിന് സമനില നൽകി. ഈ ഗോളിന് ശേഷം ഇരു ടീമുകളും അവസാന നിമിഷം വരെ വിജയ ഗോളിനായി പൊരുതി എങ്കിലും ഫലം ഉണ്ടായില്ല. അവസാനം ഒരു ഗോൾ ലൈൻ ക്ലിയറൻസ് വേണ്ടി വന്നു അറ്റകാന്റയ്ക്ക് കളി സമനിലയിൽ തന്നെ നിർത്താൻ. രണ്ടാം പാദം അടുത്ത ആഴ്ച ഇറ്റലിയിൽ വെച്ച് നടക്കും.