ഡി കോക്കിന്റെ ഇന്നിംഗ്സിന് ശേഷം പതറിയെങ്കിലും രണ്ട് പന്ത് അവശേഷിക്കവെ വിജയം നേടി ലക്നൗ

ചേസ് ചെയ്യേണ്ടത് 149 റൺസ് മാത്രമായിരുന്നുവെങ്കിലും 4 വിക്കറ്റ് നഷ്ടത്തിൽ 2 പന്തുകള്‍ അവശേഷിക്കവെയാണ് ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഇന്നത്തെ വിജയം. അതും ക്വിന്റൺ ഡി കോക്കിന്റെ ഇന്നിംഗ്സാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.

ഒന്നാം വിക്കറ്റിൽ ഡി കോക്കും രാഹുലും ചേര്‍ന്ന് 73 റൺസ് നേടിയ ശേഷം രാഹുല്‍(24) പുറത്തായി അധികം വൈകാതെ തന്നെ എവിന്‍ ലൂയിസിനെയും ടീമിന് നഷ്ടമായെങ്കിലും ഡി കോക്ക് ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ ലക്നൗ വിജയത്തിന് അടുത്തേക്ക് നീങ്ങി.

16ാം ഓവറിൽ താരം പുറത്താകുമ്പോള്‍ 52 പന്തിൽ 80 റൺസാണ് ഡി കോക്ക് നേടിയത്. താരം പുറത്താകുമ്പോള്‍ 28 റൺസായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്. പിന്നീട് ലക്ഷ്യം 12 പന്തിൽ 19 ആയി മാറിയെങ്കിലും ക്രുണാൽ പാണ്ഡ്യ – ദീപക് ഹൂഡ കൂട്ടുകെട്ട് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

മുസ്തഫിസുര്‍ എറിഞ്ഞ 19ാം ഓവറിൽ 14 റൺസ് പിറന്നപ്പോള്‍ ലക്നൗവിന്റെ ലക്ഷ്യം അവസാന ഓവറിൽ അഞ്ച് റൺസായി കുറഞ്ഞു. അവസാന ഓവറിലെ ആദ്യ പന്തിൽ ദീപക് ഹൂഡയുടെ വിക്കറ്റ് ലക്നൗവിന് നഷ്ടമായപ്പോള്‍ അടുത്ത പന്തിൽ ആയുഷ് ബദോനി ഡോട്ട് ബോള്‍ വഴങ്ങിയെങ്കിലും താക്കൂറിനെ അടുത്ത രണ്ട് പന്തുകളിൽ ഒരു ഫോറും സിക്സും നേടി ആയുഷ് ബദാനി ലക്നൗവിന്റെ തുടര്‍ച്ചയായ മൂന്നാം ജയം ഉറപ്പാക്കി.

ക്രുണാൽ 19 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ആയുഷ് ബദോനി 3 പന്തിൽ 10 റൺസ് നേടി. ദീപക് ഹൂഡ 11 റൺസ് നേടി പുറത്തായി. ഡല്‍ഹി ബൗളിംഗിൽ 17, 18 ഓവര്‍ എറിഞ്ഞ മുസ്തഫിസുറും ശര്‍ദ്ധുൽ താക്കൂറും റൺസ് വിട്ട് കൊടുക്കാന്‍ പിശുക്ക് കാണിച്ച് പന്തെറിഞ്ഞതിനാലാണ് അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്ന ലക്നൗവിനെ അവസാന ഓവര്‍ വരെ പിടിച്ച് നിര്‍ത്തുവാന്‍ ഡല്‍ഹിയ്ക്ക് ആയത്.