യൂറോപ്പ ലീഗിൽ ജയിച്ച് തുടങ്ങി ആഴ്സണൽ. സൂപ്പർ സബ്ബായി വന്ന ക്യാപ്റ്റൻ പിയരെ എമെറിക് ഒബമയാങിന്റെ ഗോളിലാണ് ആഴ്സണൽ ജയിച്ച് കയറിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആഴ്സണൽ യൂറോപ്പയിൽ റാപ്പിഡ് വിയന്നയെ പരാജയപ്പെടുത്തിയത്. ആഴ്സണൽ ഗോളി ലെനോയുടെ പിഴവ് മുതലാക്കിയാണ് റാപ്പിഡ് വിയന്ന രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് നേടിയത്. ടാക്സിയാർചിസ് ഫോണ്ടസാണ് റാപ്പിഡ് വിയന്നക്ക് വേണ്ടി ഗോളടിച്ചത്.
ഇരുപത് മിനുട്ടുകൾക്ക് ശേഷമാണ് ഡേവിഡ് ലൂയിസിലൂടെ ആഴ്സണൽ സമനില നേടുന്നത്. കളത്തിലിറങ്ങി നാല് മിനുട്ടിന് ശേഷം ഒബമയാങും ഗോളടിച്ചു. ഗ്രൂപ്പ് ബിയിലെ ജയത്തോടെ ഗണ്ണേഴ്സ് യൂറോപ്പ ക്യാമ്പെയിൻ ആരംഭിച്ചെങ്കിലും ലെനോയുടെ ഗോൾ വലയ്ക്ക് മുന്നിലെ പിഴവുകൾ ആർട്ടെറ്റക്ക് മുന്നിൽ ചോദ്യചിഹ്നമായുണ്ട്. ലെനോയുടെ തുടർച്ചയായ പിഴവുകൾ ആഴ്സണലിന് മത്സരം തന്നെ നഷ്ടമാക്കിയേനെ. ഇന്ന് ആഴ്സണലിന്റെ ഭാഗ്യം കൊണ്ടോ റാപ്പിഡ് വിയന്നയുടെ നിർഭാഗ്യം കൊണ്ടോ മാത്രമാണ് ഒരു ഗോൾ മാത്രം ടീം വഴങ്ങിയത്. യൂറോപ്പയിൽ ഡൺദാലും പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയുമാണ് ഇനി ആഴ്സണലിന്റെ എതിരാളികൾ.