യൂറോപ്പ ലീഗിൽ സ്വന്തം കാണികൾക്ക് മുൻപിൽ ചെൽസിക്ക് നേരിയ ജയം. ദുർബലരായ മോൾ വിഡിയെയാണ് ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. രണ്ടാം പകുതിയിൽ മൊറാട്ട നേടിയ ഗോളാണ് ചെൽസിയുടെ രക്ഷക്കെത്തിയത്.
മത്സരത്തിന്റെ തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ ചെൽസിക്ക് ഗോൾ നേടാൻ നന്നേ വിയർക്കേണ്ടി വന്നു. ഗോൾ പോസ്റ്റിനു മുൻപിൽ മൊറാട്ട അവസരങ്ങൾ നഷ്ട്ടപെടുത്തിയതും ചെൽസിക്ക് വിനയാവുകയായിരുന്നു. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മികച്ച നിന്ന ചെൽസി വിഡി പ്രതിരോധം മറന്ന് ഗോൾ നേടാൻ ആദ്യ പകുതിയിൽ കഷ്ട്ടപെട്ടു. അവസാനം ഗോൾ നേടാൻ ചെൽസി സൂപ്പർ താരം ഹസാർഡിനെ ഇറക്കേണ്ടിയും വന്നു. തുടർന്നാണ് മൊറാട്ടയുടെ ഗോൾ പിറന്നത്. ഫാബ്രിഗാസ് തുടങ്ങി വെച്ച പാസിൽ നിന്ന് വില്ല്യൻ നൽകിയ പന്ത് മൊറാട്ട ഗോളാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ നിരവധി തവണ ചെൽസി ഗോൾ മുഖം ആക്രമിച്ച വിഡി ചെൽസി ഗോൾപോസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച അരിസ്ബലാഗയെ മറികടക്കാനായില്ല. ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളും ജയിച്ച ചെൽസി ഗ്രൂപ്പിൽ ഒന്നാമതാണ്.