മാൽമോയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസി യൂറോപ്പ ലീഗിന്റെ പ്രീ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഇരു പാദങ്ങളിലുമായി 5-1ന്റെ ജയം സ്വന്തമാക്കിയാണ് ചെൽസി അടുത്ത റൗണ്ടിൽ എത്തിയത്. മാൽമോയുടെ സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ ചെൽസി 2-1ന് ജയിച്ചിരുന്നു.
അടുത്ത ഞായറാഴ്ച നടക്കുന്ന ലീഗ് കപ്പ് ഫൈനൽ കണ്ടുകൊണ്ട് പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ചെൽസി ഇന്ന് ഇറങ്ങിയത്. പതിവ് പോലെ തുടക്കം മുതൽ ചെൽസിയാണ് കൂടുതൽ സമയം പന്ത് കൈവശം വെച്ചതെങ്കിലും ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ മാൽമോ പിടിച്ചു നിന്നു. തുടർന്ന് രണ്ടാം പകുതിയിലാണ് ചെൽസിയുടെ ഗോളുകൾ പിറന്നത്.
കാന്റെയും വില്യനും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ജിറൂദ് ആണ് ഗോൾ നേടിയത്. ആദ്യ പാദത്തിലും മാൽമോക്കെതിരെ ജിറൂദ് ഗോൾ നേടിയിരുന്നു. യൂറോപ്പ ലീഗിൽ അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ ജിറൂദിന്റെ ആറാമത്തെ ഗോളായിരുന്നു ഇത്. തുടർന്ന് എമേഴ്സണെ ഫൗൾ ചെയ്തതിന് രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് ബെങ്ട്ടൻസൺ പുറത്തു പോയതോടെ 10 പേരുമായാണ് മാൽമോ മത്സരം പൂർത്തിയാക്കിയത്. അതിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് എടുത്ത ബാർക്ലി മനോഹരമായി പന്ത് മാൽമോ വലയിലെത്തിക്കുകയായിരുന്നു.
മാൽമോ പത്തു പേരായി ചുരുങ്ങിയതോടെ നിരന്തരം ആക്രമണം അഴിച്ചുവിട്ട ചെൽസി യുവതാരം ഹഡ്സൺ ഒഡോയിലൂടെ മൂന്നാമത്തെ ഗോളും നേടി. ഇത്തവണയും ഗോളിന് പിറകിൽ വില്യന്റെ പാസ്സായിരുന്നു.