വിജയ വഴിയിൽ തിരിച്ചെത്തി ചെൽസി

Staff Reporter

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേരിട്ട കനത്ത പരാജയത്തിന് ശേഷം വിജയവഴിയിൽ തിരിച്ചെത്തി ചെൽസി. യൂറോപ്പ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സ്വീഡനിൽ നിന്നുള്ള മാൽമോ എഫ്.സിയെ ആണ് അവരുടെ ഗ്രൗണ്ടിൽ ചെൽസി തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ജയത്തോടെ സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ചെൽസിക്ക് നേരിയ മുൻ‌തൂക്കം ലഭിച്ചു.

ഹസാർഡ്, കാന്റെ, ഹിഗ്വയിൻ എന്നിവരെ ബെഞ്ചിൽ ഇരുത്തിയാണ് ചെൽസി മത്സരം തുടങ്ങിയത്. ഹസാർഡിന്റെ അഭാവം ചെൽസി ആക്രമണത്തിൽ പലപ്പോഴും കാണാനുണ്ടായിരുന്നു. പൊസഷനിൽ പലപ്പോഴും ചെൽസി ആധിപത്യം ആയിരുന്നെങ്കിലും മാൽമോ ഗോൾ മുഖം വിറപ്പിക്കാൻ ചെൽസിക്കായിരുന്നില്ല. തുടർന്നാണ് മാൽമോ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് റോസ് ബാർക്ലി ഗോൾ നേടിയത്. പെഡ്രോയുടെ പാസിൽ നിന്നായിരുന്നു ഗോൾ.

രണ്ടാം പകുതിയിലും ആധിപത്യം ചെൽസിക്കായിരുന്നെങ്കിലും മാൽമോ ഗോൾ മുഖം പരീക്ഷിക്കുന്നതിൽ ചെൽസി പലപ്പോഴും പരാജയപ്പെടുകയായിരുന്നു.  തുടർന്നാണ് ബാർക്ലിയും വില്യനും തുടങ്ങിവെച്ച ആക്രമണത്തിനൊടുവിൽ ജിറൂദ് ചെൽസിയുടെ രണ്ടാമത്തെ ഗോൾ നേടുന്നത്.  മത്സരത്തിന്റെ 79ആം മിനുട്ടിൽ ക്രിസ്ത്യൻസനിലൂടെ മാൽമോ ഒരു ഗോൾ മടക്കി രണ്ടാം പാദത്തിലേക്ക് അവരുടെ ജയപ്രതീക്ഷ നിലനിർത്തി. തുടർന്നും ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല.