യുഫേഫ യൂറോപ്പ ലീഗ് സെമിഫൈനലിലേക്ക് മുന്നേറി ജോസെ മൗറീന്യോയുടെ എ.എസ് റോമ. കഴിഞ്ഞ വർഷത്തെ കോൺഫറൻസ് ലീഗ് ഫൈനലിന്റെ ആവർത്തനം ആയ മത്സരത്തിൽ ഡച്ച് ക്ലബ് ഫെയനർനൂദിനോട് ആദ്യ പാദത്തിൽ 1-0 ന്റെ പരാജയം ഏറ്റുവാങ്ങിയാണ് റോമ സ്വന്തം മൈതാനത്ത് രണ്ടാം പാദം കളിക്കാൻ ഇറങ്ങിയത്. മത്സരത്തിൽ റോമ ആക്രമണ ഫുട്ബോൾ ആണ് കളിച്ചത്. 33 ഷോട്ടുകൾ ഉതിർത്ത അവർ 2 തവണ ഷോട്ടുകൾ ബാറിലും അടിച്ചു. ആദ്യ പകുതിയിൽ എതിർ ടീമിലെ താരത്തിന്റെ ദേഹത്ത് കൈ വച്ച റോമയിലെ മൗറീന്യോയുടെ സഹപരിശീലകൻ ചുവപ്പ് കാർഡ് കണ്ടു പോവുന്നതും കാണാൻ ആയി.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 60 മത്തെ മിനിറ്റിൽ റോമ അർഹിച്ച ഗോൾ ലിയനാർഡോ സ്പിനിസോല നേടി. എന്നാൽ എമ്പതാം മിനിറ്റിൽ സെബാസ്റ്റ്യൻ സിമാൻസ്കിയുടെ ക്രോസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം ഇഗോർ പയിസാവോ ഗോൾ നേടിയതോടെ റോമ ആരാധകർ നിശബ്ദരായി. എന്നാൽ 89 മത്തെ മിനിറ്റിൽ പരിക്കിൽ നിന്നു മുക്തനായി പകരക്കാരനായി എത്തിയ പൗള ഡിബാല റോമയുടെ രക്ഷകൻ ആയി അവതരിച്ചു. ലോറൻസോ പെല്ലഗ്രിനിയുടെ ത്രൂ ബോളിൽ നിന്നു മികച്ച ഗോൾ ആണ് ഡിബാല നേടിയത്.
തുടർന്ന് മത്സരം എക്സ്ട്രാ സമയത്തേക്ക് നീണ്ടു. 101 മത്തെ മിനിറ്റിൽ പരിക്കിൽ മോചിതനായി വന്ന പകരക്കാരൻ ടാമി എബ്രഹാമിന്റെ പാസിൽ നിന്നു സ്റ്റീഫൻ എൽ-ഷരാവരി റോമയെ ആദ്യമായി ഇരു പാദങ്ങളിലും ആയി മുന്നിൽ എത്തിച്ചു. 109 മത്തെ മിനിറ്റിൽ ഡിബാലയുടെ ത്രൂ ബോൾ തടയാനുള്ള ഡച്ച് ടീമിന്റെ ശ്രമം പരാജയപ്പെട്ടപ്പോൾ ലക്ഷ്യം കണ്ട ക്യാപ്റ്റൻ പെല്ലഗ്രിനി റോമയുടെ സ്വപ്ന ജയം യാഥാർത്ഥ്യം ആക്കി. അവസാന നിമിഷം മാഞ്ചിനിക്ക് എതിരെ കടുത്ത ഫൗൾ ചെയ്ത മുന്നേറ്റനിര താരം സാന്റിയാഗോ ഹിമനസ് ചുവപ്പ് കാർഡ് കൂടി കണ്ടതോടെ ഡച്ച് ടീമിന്റെ പരാജയം പൂർണമായി. യൂറോപ്പ ലീഗ് സെമിയിൽ ജർമ്മൻ ക്ലബ് ബയേർ ലെവർകുസൻ ആണ് റോമയുടെ എതിരാളി. റോമക്ക് ഒപ്പം തുടർച്ചയായി കോൺഫറൻസ് ലീഗിന് ശേഷം യൂറോപ്പ ലീഗ് ജയിക്കുക എന്നത് ആണ് ജോസെ മൗറീന്യോയുടെ ലക്ഷ്യം.