ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏറ്റ തോൽവിയിൽ നിന്നു കരകയറാൻ ആഴ്‌സണൽ ഇന്ന് യൂറോപ്പ ലീഗിൽ ഇറങ്ങും. സീസണിൽ ആഴ്‌സണൽ നേരിടുന്ന ആദ്യ പരാജയം ആയിരുന്നു ഇത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് ആഴ്‌സണൽ യൂറോപ്പ ലീഗിൽ ഇറങ്ങുന്നത്. ഗ്രൂപ്പ് എയിൽ സ്വിസ് ക്ലബ് എഫ്.സി സൂറിച് ആണ് ആഴ്‌സണലിന്റെ എതിരാളികൾ. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാവും ആർട്ടെറ്റ ഇന്ന് ടീമിനെ ഇറക്കുക.
ഗോൾ കീപ്പർ മാറ്റ് ടർണർ ഇന്ന് തന്റെ പുതിയ ക്ലബിന് ആയി അരങ്ങേറ്റം കുറിച്ചേക്കും. പ്രതിരോധത്തിൽ റോബ് ഹോൾഡിങ്, മധ്യനിരയിൽ സ്മിത് അടക്കമുള്ള അക്കാദമി താരങ്ങളും ഇന്ന് ഇറങ്ങാൻ സാധ്യതയുണ്ട്. പുതിയ താരങ്ങളായ ഫാബിയോ വിയേര, മാർക്വീനോസ് എന്നിവർ ആദ്യ പതിനൊന്നിൽ എത്തുമ്പോൾ മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസുസിന് പകരം എഡി എങ്കിതിയ ആവും ഇറങ്ങുക. സ്മിത് റോയുടെ പരിക്ക് ആണ് ആർട്ടെറ്റയുടെ ഏക നിരാശ.
സ്വിസ് ക്ലബുകൾക്ക് എതിരെ ഇന്നേ വരെ പരാജയം അറിയാത്ത ആഴ്‌സണലിന് യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ വളരെ മികച്ച റെക്കോർഡ് ആണ് ഉള്ളത്. സൂറിച്ചിൽ വലിയ പരിക്ക് ഇല്ലാതെ പല യുവതാരങ്ങൾക്കും അവസരം നൽകി മികച്ച ജയം നേടാൻ ആവും ഇംഗ്ലീഷ് ക്ലബിന്റെ ശ്രമം.കളിച്ച കഴിഞ്ഞ രണ്ടു യൂറോപ്പ ലീഗ് മത്സരങ്ങളിലും ഗോൾ നേടിയ എഡി തുടർച്ചയായ മൂന്നാം മത്സരത്തിൽ ഗോൾ നേടാൻ ആവും ഇന്ന് ഇറങ്ങുക. മുന്നേറ്റത്തിൽ ലെറിൻ സമയിലിയെ പോലുള്ള താരങ്ങൾ ആഴ്‌സണലിന് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ പൊന്നവർ ആണ്. മികച്ച ജയത്തോടെ യൂറോപ്പ ലീഗ് തുടങ്ങാൻ ആവും ആർട്ടെറ്റയും സംഘത്തിന്റെയും ശ്രമം.