റയൽ മാഡ്രിഡും സ്പെയിനും കൈവിട്ട ലൊപെറ്റിഗിക്ക് ഇത് മോക്ഷം!!

- Advertisement -

ഇന്നത്തെ യൂറോപ്പ ലീഗ് കിരീടം ലൊപെറ്റിഗി എന്ന പരിശീലകന് അവസാന രണ്ട് വർഷമായി അദ്ദേഹത്തെ സംശയിച്ചവരിൽ നിന്നും വിമർശിച്ചവരിൽ നിന്നുമുള്ള മോക്ഷമാണ്. 2018ൽ ലൊപെറ്റിഗി അനുഭവിച്ച വിഷമഘട്ടത്തിൽ നിന്ന് അവസാനം അദ്ദേഹം സ്വതന്ത്രനായിരിക്കുകയാണ്. 2018ൽ സ്പാനിഷ് ദേശീയ ടീമിനെ ലോകകപ്പിലേക്ക് നയിക്കാൻ തയ്യാറെടുക്കുക ആയിരുന്നു. ആഴ്ചകൾ മാത്രം ലോകകപ്പിന് ബാക്കിയിരിക്കെ സ്പെയിൻ പരിശീലകനായിരുന്ന അദ്ദേഹം റയൽ മാഡ്രിഡുമായി കരാറിൽ എത്തിയത് സ്പാനിഷ് ഫുട്ബോൾ അസോസിയേഷനെ ചൊടിപ്പിച്ചു. ലോകകപ്പിന് തൊട്ടു മുമ്പ് ലൊപെറ്റിഗി സ്പെയിൻ ദേശീയ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായി. അതിൽ തീർന്നില്ല ലൊപെറ്റെഗിയുടെ പ്രശ്നങ്ങൾ.

അതിനു ശേഷം റയൽ മാഡ്രിഡ് പരിശീലകനായി എത്തിയപ്പോൾ അദ്ദേഹത്തിന് വലിയ ചുമതലകൾ ആയിരുന്നു ഉള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന വൻ പ്രതിഭ ക്ലബ് വിട്ട് പോയതിന്റെ വിടവ് നികത്താതെ ഒരു സ്ക്വാഡിനെ ആണ് റയൽ മാനേജ്മെന്റ് ലൊപെറ്റിഗിക്ക് കൊടുത്തത്‌. പ്രായം കൂടിവരുന്ന റയൽ സ്ക്വാഡുമായി ലൊപെറ്റിഗി കളത്തിൽ ഇറങ്ങിയപ്പോൾ അത്ര നല്ല ഫലങ്ങൾ പിറന്നുമില്ല. അധികം താമസിയാതെ റയൽ പരിശീലക സ്ഥാനത്ത് നിന്നും ലൊപെറ്റിഗി പുറത്ത്.

ഉത്തരത്തിൽ ഉള്ളത് കിട്ടിയും ഇല്ല കക്ഷത്തിൽ ഉള്ളത് നഷ്ടപ്പെടുകയും ചെയ്തു എന്ന നിലയിൽ വിമർശകർ ലൊപെറ്റിഗിയെ വിമർശിച്ചു. ലൊപെറ്റെഗി എന്ന പരിശീലകനെ തന്നെ എല്ലാവരും സംശയിച്ചു. ലൊപെറ്റിഗി സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലകനായിരിക്കെ ഒരു മത്സരം പോലും സ്പെയിൻ പരാജയപ്പെട്ടിരുന്നില്ല എന്ന കാര്യം പലരും ഈ തകർച്ചക്കിടെ മറന്നു.

ആ പരിശീലകൻ അവസാനം വീണ്ടും അർഹിച്ച കയ്യടികൾ നേടുകയാണ്. അവസാന രണ്ട് സീസണുകളായി പിറകോട്ട് പോയിരുന്ന സ്പാനിഷ് ക്ലബായ സെവിയ്യയുടെ പരിശീലകനായാണ് ലൊപെറ്റിഗി തിരികെ വന്നത്. ഇന്ന് അവരെ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് എത്തിക്കാൻ ലൊപെറ്റിഗിക്കായി. അതും കോടികൾ മുടക്കി ടീം ഒരുക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ഇന്റർ മിലാനെയുമെല്ലാം വഴിയിൽ വീഴ്ത്തി കൊണ്ട്. നേരത്തെ സെവിയ്യക്ക് ലാലിഗയിലെ നാലാം സ്ഥാന ഫിനിഷോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ലൊപെറ്റിഗി വാങ്ങിക്കൊടുത്തിരുന്നു. ഇനി വരും വർഷങ്ങളിലും വീണ്ടും പഴയ ലൊപറ്റെഗി ബ്രില്യൻസ് കാണാൻ ഫുട്ബോൾ പ്രേമികൾക്ക് ആകും.

Advertisement