ജോസെ അല്ല ആരു വന്നാലും യൂറോപ്പ ലീഗ് സെവിയ്യയുടേതാണ് എന്ന് പറയാം. ഏഴാം യൂറോപ്പ ലീഗ് കിരീടമാണ് ബുഡാപെസ്റ്റിൽ സെവിയ്യ ഉയർത്തിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ റോമയെ അവർ പരാജയപ്പെടുത്തി. റോമ പരിശീലകൻ ജോസെ മൗറീനോയുടെ യൂറോപ്യൻ ഫൈനലിലെ ആദ്യ തോൽവി കൂടെ ഇതിലൂടെ സംഭവിച്ചു.
ഇന്ന് ബുഡാപെസ്റ്റിലെ പുസ്കസ് അരീനയിൽ കൃത്യമായ പ്ലാനുകളുമായാണ് ജോസെ മൗറീനോ ഇറങ്ങിയത്. എല്ലാവരെയും സർപ്രൈസ് ചെയ്ത് ഡിബാലയെ റോമ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. ഡിഫൻസിൽ ഊന്നി കളിച്ച റോമ സെവിയ്യക്ക് താളം നൽകാതിരിക്കാൻ ആണ് ശ്രമിച്ചത്. മത്സരത്തിന്റെ 34 ആം മിനുട്ടിൽ ഡിബാലയിലൂടെ തന്നെ റോമ ലീഡ് എടുത്തു. മധ്യനിരയിൽ നിന്ന് മാഞ്ചിനി നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഡിബാല മൊറോക്കൻ ഗോൾകീപ്പർ ബോണോയെ മറികടന്ന് പന്ത് ലക്ഷ്യത്തിൽ എത്തി. 1-0
ഈ ലീഡ് റോമ ആദ്യ പകുതി അവസാനിക്കും വ്രെ നിലനിർത്തി. ഇടക്ക് റാകിറ്റിചിന്റെ ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ച് മടങ്ങിയതായിരുന്നു സെവിയ്യയുടെ മികച്ച അവസരം. രണ്ടാം പകുതിയിൽ സെവിയ്യ കളി മെച്ചപ്പെടുത്തി. 55ആം മിനുട്ടിൽ അവർ അവരുടെ നീക്കങ്ങളുടെ ഫലവും കണ്ടു. നെവസിന്റെ ഒരു ക്രോസ് മാഞ്ചിനിയിലൂടെ സെൽഫ് ഗോളായി. സ്കോർ 1-1.
പിന്നീട് 90 മിനുട്ട് വരെ ഗോൾ വന്നില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലും വിജയ ഗോൾ വന്നില്ല. തുടർന്ന് ഷൂട്ടൗട്ടിലേക്ക് കളി എത്തി. അവിടെ സെവിയ്യ റോമയെ 4-1ന് വീഴ്ത്തി ഒരിക്കൽ കൂടെ യൂറോപ്പ കിരീടത്തിൽ മുത്തമിട്ടു. ലോകകപ്പിൽ മൊറോക്കോയുടെ ഹീറോ ആയ ബോണോ ആണ് ഫൈനലിൽ സെവിയ്യയുടെയും ഹീറോ ആയി മാറിയത്