യൂറോ കപ്പ് പ്രി ക്വാർട്ടറിൽ വലിയ മത്സരത്തിൽ ഇന്ന് ഇംഗ്ലണ്ട് ജർമ്മനിയെ നേരിടും. ഇംഗ്ലണ്ടിന്റെ ഹോം ഗ്രൗണ്ട് ആയ വെംബ്ലിയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് പ്രിക്വാർട്ടറിൽ എത്തിയത്. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഏക ടീമാണ് ഇംഗ്ലണ്ട്. ആ റെക്കോർഡ് സ്വന്തം കാണികളുടെ മുന്നിൽ ഇന്നും നിലനിർത്താൻ ആകും സൗത് ഗേറ്റിന്റെ ടീം ശ്രമിക്കുക. എന്നാൽ ഗോളടിക്കാൻ പ്രയാസപ്പെടുന്നത് ഇംഗ്ലണ്ടിന് ആശങ്ക നൽകുന്നു. ആകെ രണ്ടു ഗോളുകൾ ആണ് അവർ അടിച്ചത്. രണ്ടും സ്റ്റർലിംഗിന്റെ വക ആയിരുന്നു. അവരുടെ പ്രധാന സ്‌ട്രൈക്കർ ആയ ഹാരി കെയ്ൻ ഇതുവരെ ഫോമിൽ എത്തിയിട്ടില്ല.
ഐസൊലേഷനിൽ ഉള്ള മൗണ്ടും ചിൽവേലും ഇന്ന് ഇംഗ്ലണ്ടിനൊപ്പം ഉണ്ടാകില്ല. പരിക്ക് മാറി തിരിച്ചെത്തി ചെക്ക് റിപ്പബ്ലിക്കിനൊപ്പം കളിച്ച ഹാരി മഗ്‌വയർ ഇന്ന് സ്റ്റോൻസിനൊപ്പം ഇംഗ്ലണ്ട് സെന്റർ ഡിഫൻസിൽ ഉണ്ടാകും. മുന്നിൽ ആരെ ഇറക്കും എന്നതാകും സൗത്ഗേറ്റിന്റെ തലവേദന. സ്റ്റർലിംഗും കെയ്‌നും ഗ്രീളിഷും ആദ്യ ഇലവനിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മരണ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ജർമ്മനി പ്രി ക്വാർട്ടറിൽ എത്തിയത്. എന്നാൽ അവരുടെ പ്രകടനങ്ങൾക്ക് വലിയ സ്ഥിരത ഉണ്ടായിരുന്നില്ല. ഫ്രാന്സിനോട് പരാജയപ്പെട്ട അവർ ഗംഭീര പ്രകടനത്തിലൂടെ പോർച്ചുഗലിനെ തോൽപിച്ചു എങ്കിലും അടുത്ത മത്സരത്തിൽ ഹംഗറിക്ക് എതിരെ അവർ സമനില വഴങ്ങി. ജാവോകിം ലോയുടെ ജർമ്മനിക്ക് ഒപ്പമുള്ള അവസാന ടൂർണമെന്റ് ആണ് ഇത് എന്നത് കൊണ്ട് തന്നെ കിരീടവുമായി ലാസ്റ്റ് ഡാൻസ് അവസാനിപ്പിക്കാൻ ആണ് ജർമ്മനി ശ്രമിക്കുന്നത്. അവസാന മൂന്ന് യൂറോ കപ്പിലും സെമി ഫൈനലിൽ എത്തിയ ടീമാണ് ജർമ്മനി. ലോകകപ്പ് നേരത്തെ നേടിയിട്ടുള്ള ലോ യൂറോ കപ്പ് കൂടെ ജർമ്മനിക്ക് നേടിക്കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ട്.
കാര്യമായ പരിക്ക് ഒന്നും ജർമനിയെ അലറ്റുന്നില്ല. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത ഗോരസ്ക ഇന്ന് ഗുണ്ടകന് പകരം ജർമ്മൻ ഡിഫൻസിൽ എത്തും. ഹവേർട്‌സ് ആകും അറ്റാക്കിൽ മുന്നിൽ ഉണ്ടാവുക. അവസാന രണ്ടു തവണ യൂറോ ചരിത്രത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ശക്തമായ പോരാട്ടം തന്നെ ആയിരുന്നു കണ്ടിരുന്നത്. 1996 സെമി ഫൈനലിൽ പെനാൽട്ടി ഷൂടൗട്ടിൽ ആയിരുന്നു ജർമ്മനി ഇംഗ്ലണ്ടിനെ മറികടന്നിരുന്നത്. 2000 യൂറോയിലെ പോരിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ട് ഏക ഗോളിന് ജർമ്മാനിയെയും തോൽപ്പിച്ചു.
ഇന്ന് രാത്രി 9.30ന് നടക്കുന്ന മത്സരം തൽസമയം സോണി ചാനലുകളിൽ കാണാം