ഗ്രൂപ്പ് എയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ തുർക്കി വെയിൽസിനെ നേരിടും. അസർബൈജാനിൽ വെച്ച് നടക്കുന്ന മത്സരം ഇരുടീമുകൾക്കും നിർണായകമാണ്. ആദ്യ മത്സരത്തിൽ ഇറ്റലിയോട് 3-0 എന്ന സ്കോറിന് പരാജയപ്പെട്ട തുർക്കിക്ക് ഒരു പരാജയം കൂടെ താങ്ങാൻ ആവില്ല. ടൂർണമെന്റിലെ കറുത്ത കുതിരകളാകും എന്ന് കരുതിയ തുർക്കി ഇന്ന് വിജയ പാതയിലേക്ക് തിരികെ വരും എന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.
1982ലാണ് അവസാനമായി തുർക്കി വെയിൽസിനോട് പരാജയപ്പെട്ടത്. വെയിൽസ് സ്വിറ്റ്സർലാന്റിനോട് ഒരു സമനിലയുമായാണ് യൂറോ കപ്പ് ആരംഭിച്ചത്. സമനില നേടിയെങ്കിലും അത് ഭാഗ്യം കൊണ്ടാണെന്നാണ് വെയിൽസ് പരിശീലകൻ തന്നെ മത്സര ശേഷം പറഞ്ഞത്. ഗോൾ കീപ്പർ ഡാനി വാർഡിന്റെ പ്രകടനമായിരുന്നു സമനില നേടാൻ വെയിൽസിനെ സഹായിച്ചത്. ഗരെത് ബെയ്ല് ഇന്ന് ഫോമിലാകും എന്നു വെയിൽസ് ആരാധകർ വിശ്വസിക്കുന്നു. ഇന്ന് രാത്രി 9.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.