യൂറോ കപ്പ് യോഗ്യത മത്സരത്തിൽ സ്പെയിനിന് സമനില. നോർവേയാണ് സ്പെയിനിനെ സമനിലയിൽ തളച്ചത്. 94ആം മിനുട്ടിലെ ജോഷ്വാ കിംഗിന്റെ പെനാൽറ്റിയാണ് സ്പെയിനിന്റെ വിജയക്കുതിപ്പിന് തടയിട്ടത്. എഴിൽ ഏഴും ജയിച്ച് യൂറോ കപ്പിന് യോഗ്യത നേടാമെന്ന സ്പാനിഷ് സ്വപ്നങ്ങൾക്കാണ് കിംഗിന്റെ പെനാൽറ്റിയിലൂടെ തിരിച്ചടിയേറ്റത്. സ്പെയിന്റെ യൂറോ യോഗ്യത വൈകിപ്പിക്കാൻ നോർവേക്കായി. സോൾ നിഗ്വെലാണ് സ്പെയിനിന്റെ ഗോൾ നേടിയത്.
എന്നാൽ ഒമറിനെ ബോക്സിൽ വീഴ്ത്തിയ കെപ നോർവേയുടെ ഗോളിന് വഴിയൊരുക്കുകയായിരുന്നു. സ്പാനിഷ് ക്യാപ്റ്റൻ സെർജിയോ രാമോസ് കസിയസിനെ മറികടന്ന് സ്പെയിനിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമായി ഇന്ന്. യോഗ്യത നേടാൻ വീണ്ടും സ്കാൻഡിനേവിയയിൽ ഇറങ്ങുന്ന സ്പെയിൻ നേരിടുക സ്വീഡനെയാണ്. റൊമേനിയയാണ് ഗ്രൂപ്പ് എഫിൽ നോർവേയുടെ എതിരാളികൾ.