സെമി ഫൈനൽ തേടി സ്പെയിനും സ്വിറ്റ്സർലാണ്ടും ഇറങ്ങുന്നു, ആരു വിജയിക്കും

Img 20210701 223609

യൂറോ കപ്പ് ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ സ്‌പെയിൻ ഇന്ന് സ്വിറ്റ്സർലാന്റിനെ നേരിടും. റഷ്യയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചു കൊണ്ടാണ് സ്വിറ്റ്സർലാണ്ട് ക്വാർട്ടറിൽ എത്തിയത്. പ്രി ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന മത്സരത്തിൽ ആയിരുന്നു സ്വിറ്റ്സർലാണ്ട് ഫ്രാൻസിനെ വീഴ്ത്തിയത്. ഒരു ഘട്ടത്തിൽ 3-1 എന്ന സ്കോറിന് പിറകിൽ നിന്ന ശേഷമാണ് സ്വിറ്റ്സർലാണ്ട് തിരിച്ചടിച്ച് കളി വിജയിച്ചത്. ഇന്ന് സെമി ഫൈനലിൽ എത്താൻ ആയാൽ സ്വിറ്റ്സർലാന്റിന് ഒരു മേജർ ടൂർണമെന്റിലെ ഏറ്റവും വലിയ മുന്നേറ്റമാണ് അത് മാറും. നേരത്തെ 3 തവണ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട് എങ്കിലും ഇതുവരെ ഒരു ടൂർണമെന്റിലും സെമിയിൽ എത്താൻ അവർക്ക് ആയിട്ടില്ല.

സ്‌പെയിൻ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ ക്രൊയേഷയെ മറികടന്നാണ് ക്വാർട്ടറിൽ എത്തിയത്. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ 5-3 എന്ന സ്കോറിനായിരുന്നു സ്‌പെയിനിന്റെ വിജയം. യൂറോ കപ്പ് പതിയെ ആണ് സ്‌പെയിൻ തുടങ്ങിയത് എങ്കിലും ഇപ്പോൾ അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ അവർ അടിച്ചു കഴിഞ്ഞു. മികച്ച ഫോമിലുള്ള സ്‌പെയിൻ തടയുക സ്വിറ്റ്സർലാന്റിന് ഒട്ടും എളുപ്പമായിരിക്കില്ല. അവസാന 22 തവണ സ്പെയിനും സ്വിറ്റ്സർലാണ്ടും ഏറ്റുമുട്ടിയപ്പോൾ 16 തവണയും സ്പെയിനായിരുന്നു വിജയം.എന്നാൽ 2010 ലോകകപ്പിൽ സ്‌പെയിൻ ഞെട്ടിച്ചതിന്റെ ഓർമ്മ സ്വിസ് സൈഡിനുണ്ടാകും.

ഇന്ന് ക്യാപ്റ്റൻ ഗ്രാനൈറ് ശാക്ക ഉണ്ടാകില്ല എന്നതാകും സ്വിറ്റ്സർലാന്റിനെ വലിയ ആശങ്ക. താരം സസ്പെന്ഷനിലാണ്. ശാക്ക ഒഴികെ ബാക്കി സ്വിറ്റ്സർലാണ്ട് താരങ്ങൾ ഒക്കെ ഫിറ്റാണ്. സ്‌പെയിൻ നിരയിലും പരിക്കിന്റെ ഭീഷണികൾ ഇല്ല. എറിക് ഗർസിയയും ആസ്പിലികെറ്റയും ഇന്നും ആദ്യ ഇലവനിൽ എത്തും. ഫോം കണ്ടെത്തിയ മൊരാട്ടയെയും എൻറികെ നിലനിർത്തും. ഇന്ന് രാത്രി 9.30നാണ് മത്സരം. കളി തത്സമയം സോണി ചാനലുകളിൽ കാണാം.