അസൂറികൾ ഇന്ന് ബെൽജിയത്തിന് എതിരെ, ആര് സെമിഫൈനലിൽ എത്തും

Img 20210701 223649

യൂറോ ക്വാർട്ടറിൽ ഇന്ന് ഒരു വൻ പോരാട്ടം തന്നെയാണ് നടക്കുന്നത്. മ്യൂണിക്കിൽ നടക്കുന്ന മത്സരത്തിൽ ബെൽജിയവും ഇറ്റലിയും ആണ് നേർക്കുനേർ വരുന്നത്. ടൂർണമെന്റിലെ ഫേവറിറ്റുകളിൽ പെട്ട രണ്ടു ടീമുകളാണ് ബെൽജിയവും ഇറ്റലിയും. പ്രി ക്വാർട്ടറിൽ ശക്തരായ പോർച്ചുഗലിനെ പരാജയപ്പെടുത്തി ആണ് ബെൽജിയം ക്വാർട്ടറിൽ എത്തുന്നത്. തോർഗൻ ഹസാർഡ് നേടിയ മനോഹര ഗോളായിരുന്നു പോർച്ചുഗലിനെതിരെ ബെൽജിയത്തിന് വിജയം നൽകിയത്. അത്തരം ഒരു പ്രകടനം തന്നെയാകും ഇന്നും മാർട്ടിനസിന്റെ ടീം നടത്താൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഇന്ന് ബെൽജിയം നിരയിൽ അവരുടെ രണ്ടു പ്രധാന താരങ്ങൾ ഉണ്ടാകില്ല. ഹസാർഡും ഡി ബ്രൂയിനും പരിക്കിന്റെ പിടിയിലാതിനാൽ ഇന്ന് ഉണ്ടാകാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഇന്ന് ബെൽജിയത്തിന്റെ അറ്റാക്കിംഗ് ചുമതല മുഴുവൻ ലുകാകുവിന്റെ ചുമതലയാകും.

ക്വാർട്ടറിൽ ഓസ്ട്രിയക്ക് എതിരെ എസ്ട്രാ ടൈം വരെ നീണ്ട മത്സരത്തിന് ഒടുവിലായിരുന്നു ഇറ്റലി വിജയിച്ചത്. എസ്ട്രാ ടൈമിൽ കിയെസയും പേസിനയും നേടിയ ഗോളുകൾ ആയിരുന്നു ഇറ്റലിയുടെ ജയം. 31 മത്സരങ്ങളിൽ അപരാജിതരായി എത്തുന്ന ഇറ്റലിയെ തോല്പിക്കുക ബെൽജിയത്തിന് അത്ര എളുപ്പമാക്കില്ല. ഈ വർഷം ആകെ ഒരു ഗോൾ മാത്രമേ ഇറ്റലി വഴങ്ങിയിട്ടുമുള്ളൂ. ബെൽജിയത്തിന് എതിരെ അവസാനം കളിച്ച 22 മൽസരങ്ങൾ 14 എണ്ണവും ഇറ്റലി ആണ് വിജയിച്ചത്.

ഇറ്റലി നിരയിൽ ഇന്ന് കിയേലിനി തിരികെ എത്തും. എന്നാൽ ഫ്ലോറൻസി ഇന്നും ഉണ്ടാകില്ല. ലോകട്ടെല്ലി ആണോ വേരാട്ടി ആണോ മധ്യനിരയിൽ ആദ്യ ഇലവനിൽ ഉണ്ടാവുക എന്നത് ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ കളിയിൽ സബ്ബായി എത്തി നല്ല പ്രകടനം കാഴ്‌ചവെച്ച കിയെസയെയും പേസിനയെയും ചിലപ്പോൾ മൻസിനി ആദ്യ ഇലവനിലേക്ക് പരിഗണിച്ചേക്കും. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി ചാനലുകളിൽ കാണാം.