യൂറോ കപ്പ് ഗ്രൂപ്പ് ഈയിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഉക്രൈൻ സ്ലൊവാക്യയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉക്രൈന്റെ വിജയം. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഉക്രൈൻ വിജയിച്ചത്. ഉക്രൈന്റെ വിജയം ഗ്രൂപ്പ് ഇയെ ഒരു മരണ ഗ്രൂപ്പ് ആക്കി മാറ്റുകയാണ്.
ഇന്ന് മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ഒരു ഹെഡ്ഡറിലൂടെ ഇവാൻ ശ്രാൻസ് ആണ് സ്ലൊവാക്യക്ക് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും പതിയെ ഉക്രൈൻ കളിയിലേക്ക് തിരിച്ചുവന്നു. രണ്ടാം പകുതിയാകുമ്പോഴേക്കും ഉക്രൈന്റെ കയ്യിലായി കളി. അവർ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. അവസാനം 54ആം മിനിട്ടിൽ സിഞ്ചങ്കോ നൽകിയ പാസിൽ നിന്ന് ഷർപ്പറങ്കോ ഉക്രൈന്റെ സമനില ഗോൾ നേടി.
ഇന്ന് വിജയം നിർബന്ധമായിരുന്ന ഉക്രൈൻ പിന്നെ വിജയഗോളിനായി ആഞ്ഞു ശ്രമിച്ചു. അവസാനം എൺപതാം മിനിറ്റിൽ ഒരു ലോങ് ബോളിൽ നിന്ന് അവർക്ക് അവസരം ലഭിച്ചു. ഷർപ്പറെങ്കോ നൽകിയ ഗംഭീര പാസ് അതിനേക്കാൾ ഗംഭീരമായ ഒരു ഫസ്റ്റ് ടച്ചിലൂടെ യാർമചുക്ക് വരുതിയിലാക്കി, തന്റെ രണ്ടാം ടച്ചിലൂടെ പന്ത് വലയിലേക്കും തിരിച്ചുവിട്ടു കൊണ്ട് ഉക്രൈനെ മുന്നിലെത്തിച്ചു.
ഈ വിജയത്തോടെ ഗ്രൂപ്പ് ഇയിൽ മൂന്ന് ടീമുകൾക്കും മൂന്നു പോയിന്റ് വീതമായി. നാളെ റൊമാനിയ ബെൽജിയത്തോട് പരാജയപ്പെടുകയാണെങ്കിൽ ഗ്രൂപ്പിലെ നാലു ടീമുകൾക്കും മൂന്നു പോയിന്റ് എന്ന അവസ്ഥയാകും.