യൂറോ കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഇന്ന് അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങും. മരണ ഗ്രൂപ്പ് എന്ന് പറയുന്ന ഗ്രൂപ്പ് എഫിലെ താരതമ്യേനെ ഏറ്റവും ചെറിയ ടീമായ ഹംഗറി ആണ് പോർച്ചുഗലിന്റെ ഇന്നത്തെ എതിരാളികൾ. ഹംഗറിയിൽ വെച്ചാൺ. മത്സരം. പ്രതാപ കാലത്തെ മികവൊന്നും ഇപ്പോൾ ഹംഗറിക്ക് ഇല്ലായെങ്കിലും അവരെ അത്ര ചെറിയ എതിരാളികളായി കണക്കാക്കാൻ ആകില്ല. അവസാന 11 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് ഹംഗറി യൂറോ കപ്പിന് എത്തുന്നത്.
കഴിഞ്ഞ യൂറോ കപ്പിൽ ഹംഗറിയും പോർച്ചുഗലും നേരിട്ടപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം. ചാമ്പ്യന്മാരായ 2016നേക്കാൾ മികച്ച സ്ക്വാഡുമായാണ് പോർച്ചുഗൽ ഇത്തവണ ടൂർണമെന്റിന് എത്തുന്നത്. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാകും പോർച്ചുഗലിൽ എല്ലാവരും ഉറ്റു നോക്കുന്ന താരം. പക്ഷെ റൊണാൾഡോക്ക് പിറകിൽ വലിയ താരങ്ങൾ തന്നെ പോർച്ചുഗീസ് നിരയിൽ ഉണ്ട്.
ബെർണാഡോ സിൽവയും ജോടയും ആകും അറ്റാക്കിൽ റൊണാൾഡോക്ക് ഒപ്പം ഉണ്ടാവുക. നമ്പർ 10 റോളിൽ നിന്ന് മാറി ഇത്തിരി ഡീപ്പായാകും ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിൽ കളിക്കുക. മിഡ്ഫീൽഡിൽ വില്യം കാർവെലോയുടെ സാന്നിദ്ധ്യവും പോർച്ചുഗലിന് ഉണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ സെന്റർ ബാക്കായ റുബൻ ഡയസും വെറ്ററൻ താരം പെപെയുമാകും പോർച്ചുഗലുന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട്. കൊറോണ പോസിറ്റീവ് ആയ കാൻസെലോ ഇന്ന് പോർച്ചുഗലിന് ഒപ്പം ഉണ്ടാകില്ല.
ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.