കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി ഇംഗ്ലണ്ട് ഗോൾ കീപ്പർ നിക്ക് പോപ്പ്. നേരത്തെ പരിക്ക് മൂലം യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ നിക്ക് പോപ്പിന് അവസരം ലഭിച്ചിരുന്നില്ല. മാർച്ചിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് എവർട്ടൺ ഗോൾ കീപ്പർ പിക്ക്ഫോർഡിന്റെ അഭാവത്തിൽ ഇംഗ്ലണ്ടിന്റെ വല കാത്തത് നിക്ക് പോപ്പ് ആയിരുന്നു. എന്നാൽ കാൽമുട്ടിനേറ്റ പരിക്ക് താരത്തിന്റെ യൂറോപ്യൻ മോഹങ്ങൾക്ക് തിരിച്ചടിയാവുകയായിരുന്നു.
ഷെഫീൽഡ് യൂണൈറ്റഡിനെതിരായ ബേൺലിയുടെ അവസാന പ്രീമിയർ മത്സരത്തിൽ കളിക്കാൻ താരം ശ്രമം നടത്തിയെങ്കിലും കാൽമുട്ടിന് പരിക്ക് അലട്ടിയതിനെ തുടർന്ന് താരം കളിച്ചിരുന്നില്ല. തുടർന്നാണ് താരത്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. നിക്ക് പോപ്പിന്റെ അഭാവത്തിൽ എവർട്ടൺ ഗോൾ കീപ്പർ പിക്ഫോർഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൻ, വെസ്റ്റ് ബ്രോം ഗോൾ കീപ്പർ സാം ജോൺസ്റ്റൺ എന്നിവരെയാണ് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ് യൂറോ കപ്പിനായി ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയത്.