ഇതിഹാസ പരിശീലകൻ ജോസെ മൗറിനോയും പറയുന്നു ഇത്തവണ യൂറോ കപ്പ് കിരീടം നേടാൻ സാധ്യത ഏറ്റവും കൂടുതൽ ഉള്ള ടീം ഇംഗ്ലണ്ട് ആണെന്ന്. ഇന്നലെ നടന്ന ജർമ്മനി – ഇംഗ്ലണ്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ ജയത്തിന് പിന്നാലെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി പരിശീലകൻ കൂടിയായ മൗറിനോ ഇംഗ്ലണ്ടിന് യൂറോ കപ്പ് കിരീടം നേടാനുള്ള സാധ്യത കൂടുതൽ ആണെന്ന് പറഞ്ഞത്.
ക്വർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ ഉക്രൈൻ ആണ്. ഈ മത്സരത്തിൽ ജയിച്ച ഡെൻമാർക്ക് – ചെക് റിപ്പബ്ലിക് മത്സരത്തിലെ വിജയികളാവും സെമിയിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഇംഗ്ലണ്ട് സാധാരണ ഫോമിൽ ആണെങ്കിൽ ഫൈനൽ എത്താനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നും മൗറിനോ പറഞ്ഞു. ഇംഗ്ലണ്ടിന്റെ എതിരാളികളെ എല്ലാം അവർക്ക് തോൽപ്പിക്കാൻ പറ്റുന്ന ടീം ആണെന്നും എന്നാൽ ഫുട്ബോളിൽ എന്താണ് സംഭവിക്കുന്നതെന്ന് പറയാൻ പറ്റില്ലെന്നും ഫുട്ബോളിനെ ബഹുമാനത്തോടെ കാണാമെന്നും മൗറിനോ പറഞ്ഞു.
അവസാന പത്ത് മിനുട്ടിൽ ഫ്രാൻസ് ഫുട്ബോളിനെ ബഹുമാനത്തോടെ കാണാത്തതുകൊണ്ടാണ് അവർ പരാജയപെട്ടതെന്നും റോമാ പരിശീലകൻകൂടിയായ മൗറിനോ പറഞ്ഞു. ഇംഗ്ലണ്ട് അലസത കാണിക്കാതെ കളിച്ചാൽ ഇംഗ്ലണ്ടിന് യൂറോ കപ്പ് ഫൈനലിൽ എത്താമെന്നും മൗറിനോ പറഞ്ഞു.