ഇന്ന് യൂറോ കപ്പിന്റെ ആദ്യ ദിവസമാണ്. റോമിൽ റോമയുടെ സ്റ്റേഡിയമായ ഒളിമ്പികോ സ്റ്റേഡിയത്തിൽ വെച്ച് ഇറ്റലിയും തുർക്കിയും ആണ് ആദ്യ മത്സരത്തിൽ നേർക്കുനേർ വരുന്നത്. ഗ്രൂപ്പ് എയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇറ്റലിയാണ് ഫേവറിറ്റ്സ് എന്ന് പലരും വിലയിരുത്തുന്നു എങ്കിലും തുർക്കിയെ മറികടക്കുക ഒട്ടും എളുപ്പമാകില്ല. ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം നടക്കുന്നത്.
മാഞ്ചിനി വന്നതു മുതൽ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിൽ ഉള്ള ഇറ്റലി തുടർച്ചയായ എട്ടു വിജയങ്ങളുമായാണ് യൂറോ കപ്പിന് എത്തുന്നത്. ഈ എട്ടു മത്സരങ്ങളിലും ഒരു ഗോളു പോലും ഇറ്റലി വഴങ്ങിയിട്ടില്ല. ഇറ്റലിയുടെ ഡിഫൻസിൽ പ്രായം കൂടുതൽ ഉള്ളവരാണ് എന്ന പരാതി ഉണ്ട് എങ്കിലും മധ്യനിരയിലെ യുവ രക്തങ്ങൾ ആ പരാതി പരിഹരിക്കും. ബരെല്ലയും ലൊകടെല്ലിയും ജോർഗീഞ്ഞോയും അടങ്ങുന്ന മധ്യനിര തന്നെയാണ് ഇറ്റലിയുടെ കരുത്ത്. പരിക്ക് കാരണം വെറട്ടി ഇന്ന് ഇറ്റലിക്ക് ഒപ്പം ഉണ്ടാകില്ല.
ഇമ്മൊബിലെയും ഇൻസീനെയും ആകും ഇറ്റലിയുടെ അറ്റാക്കിൽ ഉണ്ടാവുക. ബൊണൂചിയും കിയെല്ലിനിയും പിറകിൽ മതിൽ തീർക്കാനും ഉണ്ട്. ഇറ്റലിയെ പോലെ തന്നെ ശക്തമായ ഡിഫൻസുമായാണ് തുർക്കിയും വരുന്നത്. സെനോൽ ഗുനസ് തിരികെയെത്തിയ മുതൽ തുർക്കി അവരുടെ പഴയ പ്രതാപത്തിൽ ആണ് കളിക്കുന്നത്. തുർക്കി ഡിഫൻസിൽ ലെസ്റ്ററിന്റെ സൊയുഞ്ചുവും യുവന്റസിന്റെ ഡെമിറാലും ആണ് ഇറങ്ങുക. ലിവർപൂളിന്റെ കബാകും തുർക്കി സ്ക്വാഡിൽ ഉണ്ട്.
മധ്യനിരയിൽ എ സി മിലാന്റെ ചാഹനൊഗ്ലുവും റോമയിലൊക്കെ തിളങ്ങിയിട്ടുള്ള ചെംഗിസ് ഉണ്ടറും ഉണ്ട്. അറ്റാക്കിൽ യിൽമാസ്, യസീസി എന്നിവരും തുർക്കിക്ക് ഒപ്പം ഉണ്ട്. മികച്ച ഒരു മത്സരം തന്നെ യൂറോ കപ്പിന്റെ ആദ്യ രാത്രി കാണാൻ ആകും എന്ന് പ്രതീക്ഷിക്കാം