നൂറാം മിനിറ്റിൽ വിജയഗോൾ നേടി ഹംഗറി! സമനില പിടിച്ചു ഗ്രൂപ്പ് ജേതാക്കൾ ആയി ജർമ്മനി

Wasim Akram

Picsart 24 06 24 02 55 37 901
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിൽ ഗ്രൂപ്പ് എയിൽ അവസാന മത്സരങ്ങൾക്ക് നാടകീയ അന്ത്യം. ഗ്രൂപ്പിലെ അവസാന മത്സരം സ്വിസർലാന്റിന് എതിരെ കളിക്കാൻ ഇറങ്ങിയ ജർമ്മനിക്ക് ഗ്രൂപ്പിൽ ഒന്നാമത് എത്താൻ സമനില മതിയായിരുന്നു. പന്തിൽ ജർമ്മൻ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ വലിയ അവസരങ്ങൾ ഒന്നും അവർ തുറന്നില്ല. 17 മിനിറ്റിൽ റോബർട്ട് ആന്ദ്രിച്ചിന്റെ ഷോട്ട് സ്വിസ് ഗോൾ കീപ്പർ സൊമ്മറിനെ മറികടന്നു എങ്കിലും അതിനു മുമ്പ് മുസിയാല സ്വിസ് താരത്തെ ഫൗൾ ചെയ്തതിനാൽ വാർ പരിശോധനക്ക് ശേഷം റഫറി ഈ ഗോൾ അനുവദിച്ചില്ല. തുടർന്ന് 28 മത്തെ മിനിറ്റിൽ ഉഗ്രൻ നീക്കത്തിന് ഒടുവിൽ സ്വിസ് പട ജർമ്മനിയെ ഞെട്ടിച്ചു. റെമോ ഫ്രവലറിന്റെ ഉഗ്രൻ പാസിൽ നിന്നു ഡാൻ ണ്ടോയെ ഗോൾ നേടിയതോടെ ജർമ്മനി പിന്നിലായി.

ജർമ്മനി

തുടർന്ന് സമനിലക്ക് ആയി എല്ലാം മറന്നു പരിശ്രമിക്കുന്ന ജർമ്മനിയെ കണ്ടെങ്കിലും അവർക്ക് വലിയ അവസരങ്ങൾ ഉണ്ടാക്കാൻ ആയില്ല. പലപ്പോഴും തനിക്ക് ലഭിച്ച അർധ അവസരങ്ങൾ മുതലാക്കാൻ കായ് ഹാവർട്സിനു ആയില്ല. ഇടക്ക് മുസിയാലയുടെ ഒരു ഷോട്ട് സ്വിസ് ഗോൾ കീപ്പർ രക്ഷിച്ചു. രണ്ടാം പകുതിയിൽ റൂബൻ വർഗാസ് ഉഗ്രൻ ഷോട്ടിലൂടെ ന്യൂയറിനെ മറികടന്നു എങ്കിലും അത് ഓഫ് സൈഡ് ആയത് ജർമ്മനിക്ക് ആശ്വാസം ആയി. തുടർന്ന് ഗ്രാനിറ്റ് ശാക്കയുടെ ഉഗ്രൻ ഷോട്ട് ന്യൂയർ രക്ഷിക്കുകയും ചെയ്തു. തുടർന്ന് 92 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലെഫ്റ്റ് ബാക്ക് ഡേവിഡ് റോമിന്റെ ഉഗ്രൻ ക്രോസിൽ നിന്നു മറ്റൊരു പകരക്കാരൻ നിക്കോളാസ് ഫുൽകർഗ് ഗോൾ നേടിയതോടെ ജർമ്മനി അട്ടിമറിയിൽ നിന്നു രക്ഷപ്പെടുക ആയിരുന്നു. സമനിലയോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനവും ജർമ്മനി നേടി.

ജർമ്മനി

അതേസമയം തീർത്തും നാടകീയമായ പോരാട്ടം ആണ് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാർ ആവാനുള്ള മത്സരത്തിൽ കണ്ടത്. കഴിഞ്ഞ 2 കളിയും തോറ്റ ഹംഗറിയും സ്വിസ് ടീമിനെ സമനിലയിൽ പിടിച്ച സ്‌കോട്ട്ലന്റും തമ്മിലുള്ള മത്സരത്തിൽ സ്‌കോട്ടിഷ് ടീം ആണ് പന്തിൽ ആധിപത്യം കാണിച്ചത്. എന്നാൽ അവസരങ്ങൾ ഉണ്ടാക്കാൻ അവർക്ക് ആയില്ല. ഗോളിനായി കൂടുതൽ ശ്രമങ്ങൾ നടത്തിയത് ഹംഗറി ആയിരുന്നു. ഇടക്ക് സ്‌കോട്ടിഷ് ടീമിന്റെ പെനാൽട്ടിക്കുള്ള അപ്പീലും റഫറി തള്ളി. സമനിലയിൽ അവസാനിക്കും എന്നു കരുതിയ മത്സരത്തിൽ നൂറാം മിനിറ്റിൽ ആണ് അതിനാടകീയമായ വിജയഗോൾ വന്നത്. കൗണ്ടർ അറ്റാക്കിൽ റോളണ്ട് സല്ലായിയുടെ പാസിൽ നിന്നു കെവിൻ സോബോത്ത് ഹംഗറിക്ക് ചരിത്രജയം നേടി നൽകുക ആയിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ 3 പോയിന്റുകളും ആയി മൂന്നാമത് ആയ ഹംഗറിക്ക് മികച്ച മൂന്നാം സ്ഥാനക്കാർ ആയി അടുത്ത റൗണ്ടിൽ കടക്കാൻ സാധ്യതയുണ്ട്. അതേസമയം സ്കോട്ട്ലാന്റ് യൂറോ കപ്പിൽ നിന്നു പുറത്തായി.