ഇന്നലെ ഡെന്മർക്കിനെതിരെ ഇംഗ്ലണ്ടിന് ലഭിച്ച പെനാൾട്ടിയിൽ ഫുട്ബോൾ ലോകത്ത് വലിയ തർക്കങ്ങൾ ഉയരുകയാണ്. എന്നാൽ ഇതൊന്നും കാര്യമാക്കുന്നില്ല എന്ന് ഹാരി കെയ്ൻ പറഞ്ഞു. എപ്പോഴും കാര്യങ്ങൾ ഇംഗ്ലണ്ടിന് എതിരായി നടക്കുന്നതാണ് ഫുട്ബോളിൽ എന്നും കണ്ടിട്ടുള്ളത് എന്ന് കെയ്ൻ ഓർമ്മിപ്പിച്ചു. മറഡോണയുടെ ദൈവത്തിന്റെ കൈയും ലമ്പാർഡിന്റെ ഗോൾ അനുവദിക്കതിരുന്നതും ഉൾപ്പെടെ നിരവധി സംഭവങ്ങൾ മേജർ ടൂർണമെന്റുകളിൽ മുമ്പ് ഇംഗ്ലണ്ടിന് എതിരായി നടന്നിട്ടുണ്ട്.
ഒരിക്കൽ എങ്കിലും കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായി വന്നതിൽ സന്തോഷം ഉണ്ട് എന്ന് കെയ്ൻ പറഞ്ഞു. ഇന്നലെ ഇംഗ്ലണ്ട് വിജയം അർഹിച്ചിരുന്നു. ഒരു ഗോളിന് പിറകിൽ പോയിട്ടും തളരാതെ പൊരുതി തിരിച്ചുവരാൻ ഇംഗ്ലണ്ടിനായി എന്നും ക്യാപ്റ്റൻ പറഞ്ഞു. ഇന്നലെ താൻ എടുത്ത പെനാൾറ്റി അത്ര നല്ലതായിരുന്നില്ല എന്നും തിരികെ തന്റെ കാലിലേക്ക് തന്നെ പന്ത് വന്നത് ഭാഗ്യമാണെന്നും കെയ്ൻ പറഞ്ഞു. ഇറ്റലിക്ക് എതിരായ ഫൈനൽ കടുപ്പമായിരിക്കും എന്നും കെയ്ൻ കൂട്ടിച്ചേർത്തു.