യൂറോ കപ്പ് ഫൈനൽ: ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനെതിരെ നടപടിയുമായി യുവേഫ

Staff Reporter

കഴിഞ്ഞ മാസം വെംബ്ലിയിൽ വെച്ച് നടന്ന യൂറോ കപ്പ് ഫൈനൽ മത്സരത്തിൽ ആരാധകർ ഉണ്ടാക്കിയ പ്രശ്നങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസിയേഷനെതിരെ നടപടി എടുക്കാൻ ഒരുങ്ങി യുവേഫ. യുവേഫയുടെ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷനെതിരെ യുവേഫ അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നത്.

യൂറോ കപ്പ് ഫൈനൽ മത്സരം കാണാൻ സുരക്ഷാ മുൻകരുതലുകൾ മറികടന്ന് ടിക്കറ്റ് ഇല്ലാതെ നിരവധി ഇംഗ്ലണ്ട് ആരാധകർ സ്റ്റേഡിയത്തിൽ പ്രവേശിച്ചിരുന്നു. തുടർന്ന് യൂറോ കപ്പ് ഫൈനലിന് ശേഷം ആരാധകർക്കെതിരെ നിരവധി ആക്രമണങ്ങളും ഉണ്ടായിരുന്നു. നിശ്ചിത സമയത്ത് 1-1ന് അവസാനിച്ച മത്സരത്തിൽ ഇറ്റലി പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് യൂറോ കപ്പ് കിരീടം ഉയർത്തിയിരുന്നു.